എഡിറ്റര്‍
എഡിറ്റര്‍
പ്രണാബിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തിന് അസ്വീകാര്യമാവുന്നതെന്തുകൊണ്ട്?
എഡിറ്റര്‍
Tuesday 26th June 2012 8:46pm

പ്രസെന്‍ജിത്ത് ബോസ്

മൊഴിമാറ്റം: ഷഫീക്ക് എച്ച്.

കോണ്‍ഗ്രസ്സിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജി കടന്നു വന്നത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുള്ളില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. സി.പി.ഐ, ആര്‍.എസ്.പി എന്നീ പാര്‍ട്ടികള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ സി.പി.ഐ.എം, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ പ്രണബിനെ പിന്തുണയ്ക്കാനും തീരുമാനിച്ചു. സി.പി.ഐ.എമ്മിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എമ്മിന്റെ ഗവേഷണവിഭാഗം കണ്‍വീനര്‍ പ്രസെന്‍ജിത്ത് ബോസ് രാജിവെയ്ക്കുകയുണ്ടായി. അദ്ദേഹം പാര്‍ട്ടിക്കയച്ച രാജികത്തിന്റെ പൂര്‍ണ്ണരൂപം ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.

 

ഗുരുതരമായൊരു അബദ്ധം

പ്രിയ സഖാക്കളെ,

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ നോമിനിക്ക് പിന്തുണ നല്‍കാന്‍ ജൂണ്‍ 21 ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചല്ലോ. അതിനോടുള്ള എന്റെ ഞെട്ടലും ഭീതിയുമാണ് ഈ കത്ത്.

രാഷ്ട്രീയ ലൈനില്‍ നിന്നുള്ള വ്യതിചലനം

രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ അരാഷ്ട്രീയമായ ഒന്നായോ പാര്‍ട്ടി ലൈനിനു പുറത്തുള്ള ഒന്നായോ ഒരിക്കലും കാണ്ടിരുന്നില്ല എന്നത് സി.പി.ഐ.എമ്മിന്റെ ശരിയായ നിലപാടാണ്. 2002ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും കോണ്‍ഗ്രസും എസ്.പിയുമെല്ലാം ചേര്‍ന്ന് അബ്ദുല്‍ കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനെതിരായി ഇടതുപക്ഷം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. 2007 ല്‍ യു.പി.എ യ്ക്ക് ഇടതുപക്ഷം പുറത്തുനിന്നും പിന്തുണ നല്‍കിയിരുന്ന സമയത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് ഇടതുപക്ഷം യു.പി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസാകട്ടെ പകരമായി ഒരു ഇടതുപക്ഷ നോമിനിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയോടും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയോടും സി.പി.ഐ.എമ്മും ഇടതുപക്ഷപാര്‍ട്ടികളും സ്വീകരിക്കുന്ന മൊത്തം രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയപരമായ തീരുമാനങ്ങളായിരുന്നു ഇവയൊക്കെ തന്നെ.

മുന്‍കാലങ്ങളിലെന്ന പോലെ ഇത്തവണയും രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപരമായ പുനര്‍ക്രമീകരണങ്ങള്‍ വന്‍തോതില്‍ നടക്കുകയുണ്ടായി. അതുകൊണ്ട് സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ ലൈനായിരിക്കണം അതിന്റെ രാഷ്ട്രീയ സമീപനത്തെ നയിക്കേണ്ടത്. 2012 ഏപ്രിലില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ പ്രമേയം താഴെ പറയും വിധം രാഷ്ട്രീയ ലൈനിനെ വ്യക്തമായും വരച്ചിടുന്നു.

“2: 137 കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും സി.പി.ഐ.എമ്മിന് രാഷ്ട്രീയപരമായി പോരാടേണ്ടതുണ്ട്. ചൂഷണത്തെ നിലനിര്‍ത്തുന്ന, വിവിധ വിഭാഗം ജനങ്ങളുടെ മേലുള്ള സാമൂഹികമായ അടിച്ചമര്‍ത്തലിന് കാരണമായ വന്‍കിട മുതലാളിത്ത ഭൂപ്രഭു സാമൂഹ്യ ക്രമത്തെയാണ് ഈ രണ്ടു പാര്‍ട്ടികളും പ്രതിനിധാനം ചെയ്യുന്നത്. നവ ഉദാരീകരണ നയങ്ങളും അമേരിക്കന്‍ അനുകൂല വിദേശ നയവുമാണ് ഇവര്‍ പിന്തുടരുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതുപോലെ കര്‍ഷരും തൊഴിലാളികളും അനുഭവിക്കുന്ന യാതനകളുമൊക്കെ അവസാനിപ്പിക്കുന്നതിനും നിര്‍ലജ്ജമായ അഴിമതിയും വന്‍കിട ബിസ്സിനസുകള്‍ക്കും ധനിക വിഭാഗങ്ങള്‍ക്കും നിസ്സീമമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും കോണ്‍ഗ്രസിനേയും യു.പി.എ സര്‍ക്കാരിനേയും പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതുപോലെ ഇടതുപക്ഷ-ജനാധിപത്യ-മതേതരത്വ ശക്തികള്‍ക്ക് മുന്നേറണമെങ്കില്‍ ബി.ജെ.പിയേയും അതിന്റെ പ്രതിലോമപരമായ വര്‍ഗീയ വലതുപക്ഷ അജണ്ടകളെയും ഒറ്റപ്പെടുത്തേണ്ടതുണ്ട്.

“2.138 കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായി സി.പി.ഐ.എം ഒരു ഇടതുപക്ഷ-ജനാധിപത്യ ബദലാണ് മുന്നോട്ടുവെയ്ക്കുന്നത്. മുതലാളിത്ത-ഭൂപ്രഭു ഭരണത്തിനെതിരായി ഇടതു-ജനാധിപത്യ പ്ലാറ്റ്ഫോറത്തിനുമാത്രമേ ഒരു ബദലായി തീരാനാകൂ. മുന്നേറ്റങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും അതുപോലെ ഇടതു-ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള രാഷ്ട്രീയപരമായ സഖ്യത്തിലൂടെയുമാണ് ഇത്തരമൊരു ബദല്‍ കെട്ടിപ്പടുക്കേണ്ടത്. ഈ പരിശ്രമത്തിനിടയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ഇതര ശക്തികളെ അണിനിരത്തേണ്ടത് അനിവാര്യമാണ്. ജനാധിപത്യം, ദേശീയ പരമാധികാരം, മതേതരത്വം എന്നീ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിലും ജനങ്ങളുടെ ജീവനോപാധികളും അവകാശങ്ങളും സംരക്ഷിക്കുന്നതിലും ഈ ശക്തികള്‍ക്ക് ഒരു പങ്കുവഹിക്കാനുണ്ട്. അത്തരത്തില്‍ യോജിച്ചുള്ള പ്ലാറ്റ്‌ഫോമുകള്‍ ഇടതുപക്ഷ-ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഖ്യം രൂപപ്പെടുത്താന്‍ സഹായിക്കും.”

കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും രാഷ്ട്രീയപരമായി പോരാടേണ്ടതുണ്ടെന്ന ഈ അംഗീകൃത ലൈനില്‍ നിന്നുള്ള വ്യതിയാനമാണ് 2012ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നോമിനിയെ പിന്തുണയ്ക്കാനുള്ള പോളിറ്റ് ബ്യൂറോയുടെ തീരുമാനം. ഇടത് ഐക്യത്തേയും ഇടത്-ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഖ്യത്തേയും ശക്തിപ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തെ തുരങ്കം വെച്ചുകൊണ്ട് ഇടത് ഐക്യത്തില്‍ തന്നെ വിള്ളല്‍ വീഴ്ത്തുന്നതാണ് പോളിറ്റ് ബ്യൂറോയുടെ ഈ തീരുമാനം.

പ്രണബ് മുഖര്‍ജിയുടെ റെക്കോര്‍ഡ്

‘ഇന്നത്തെ സാഹചര്യത്തില്‍ ” ‘പരക്കെ സ്വീകാര്യനായ ” ഒരു സ്ഥാനാര്‍ത്ഥിയാണ് പ്രണബ് മുഖര്‍ജി എന്നാണ് സ്വന്തം തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് പോളിറ്റ്ബ്യൂറോ നടത്തിയ പ്രസ്താവന. ഇതൊരു സവിശേഷമായ വാദഗതിയായിപ്പോയി. എന്തെന്നാല്‍ പാര്‍ട്ടി ലൈനിനെ മറികടന്നുകൊണ്ട്, മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനുണ്ടെന്നു പറയപ്പെടുന്ന ഈ സ്വീകാര്യത, കഴുത്തറ്റം അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസും ഡി.എം.കെയും മുതല്‍ വര്‍ഗീയ സങ്കുചിത സംഘടനയായ ശിവസേനവരെയുള്ള പാര്‍ട്ടികളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയാണ്. പോളിറ്റ് ബ്യൂറോയുടെ ഈ വാദഗതി സംശയാസ്പദം കൂടിയാണ്. ഇത്തരം ജനവിരുദ്ധ ശക്തികള്‍ക്കിടയില്‍ ഒരു സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകാര്യത തന്നെ ആ സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എമ്മും ഇടതുപാര്‍ട്ടികളും പിന്തുണയ്ക്കാതിരിക്കാനുള്ള ശക്തമായ കാരണമാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement