എഡിറ്റര്‍
എഡിറ്റര്‍
രശ്മി വധം: വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി
എഡിറ്റര്‍
Monday 20th January 2014 12:00pm

biju-radhakrishnan-2

കൊല്ലം:സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസിലെ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോനാണ് കേസ് മാറ്റിയത്.

കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാംപ്രതിയും മാതാവ് രാജമ്മാള്‍ രണ്ടാം പ്രതിയുമാണ്.  കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ച സരിത എസ്. നായരെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം വാരികയുടെ പത്രാധിപര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇന്ന് കോടതി വിധി പറയും.

ബിജുവിന്റെ കൊട്ടാരക്കര കുളക്കടയിലുള്ള കുടുംബവീട്ടില്‍ വച്ച് 2006 ഫെബ്രുവരി നാലിനാണ് രശ്മി കൊല്ലപ്പെട്ടത്. രശ്മിക്ക് ബിജു രാധാകൃഷ്ണന്‍ അമിതമായി മദ്യം നല്‍കിയശേഷം ബോധരഹിതയാക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊലപാതകം നടക്കുമ്പോള്‍ മൂന്നുവയസുണ്ടായിരുന്ന ഇവരുടെ മകന്റെ മൊഴികള്‍ നിര്‍ണായക തെളിവായി കോടതിയില്‍ രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

കേസിലെ ഏക ദൃക്‌സാക്ഷിയും ഇപ്പോള്‍ 11 വയസുള്ള രശ്മിയുടെ മകനാണ്. അന്വേഷണ വേളയില്‍ ഈ കുട്ടിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം വീഡിയോയിലും പകര്‍ത്തിയിരുന്നു. പ്രതികള്‍ക്കെതിരേയുള്ള കുറ്റാരോപണം ബലപ്പെടുത്തി കോടതിയില്‍ സമര്‍ഥിക്കുന്നതിന് പ്രോസിക്യൂഷന്‍ കൂടുതലും ആശ്രയിച്ചത് സാഹചര്യ തെളിവുകളെയും ശാസ്ത്രീയ തെളിവുകളെയുമാണ്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജും പ്രതികള്‍ക്കുവേണ്ടി അഡ്വ. ബി.എന്‍ ഹസ്‌കറുമാണ് കോടതിയില്‍ ഹാജരായത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുണ്ടായ മരണം എന്ന നിലയിലാണ് ലോക്കല്‍ പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് പുനലൂര്‍ ഡി.വൈ.എസ്.പിക്കായിരുന്നു അന്വേഷണ ചുമതല.

2008 ജനുവരി 28നാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 2013 മേയ് 23ന് ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ.്പി സി.ജി സുരേഷ്‌കുമാര്‍ ഏറ്റെടുത്തു. പിന്നീട് ബിജുവിനെതിരേ കൊലക്കുറ്റം ചുമത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ജൂണ്‍ 17ന് ബിജു രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് സംഘം കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. ഓഗസ്റ്റ് 31ന് അന്വേഷണം പൂര്‍ത്തിയാക്കി ബിജു രാധാകൃഷ്ണനും മാതാവ് രാജമ്മാളിനുമെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡിസംബര്‍ അഞ്ചിന് കേസിന്റെ സാക്ഷിവിസ്താരം കൊല്ലം സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.

ജനുവരി 15ന് വിചാരണ നടപടികള്‍ പൂര്‍ത്തിയായി.

Advertisement