എഡിറ്റര്‍
എഡിറ്റര്‍
മുലായം സിങ് ബി.ജെ.പി ഏജന്റ്: റഷീദ് ആല്‍വി
എഡിറ്റര്‍
Thursday 21st June 2012 9:15am

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബി.ജെ.പിയുടെ ഏജന്റാണെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി. മുലായത്തിന്റെ പലപ്രവര്‍ത്തനങ്ങളും ബി.ജെ.പി ക്ക് വേണ്ടി മാത്രമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

മുലായത്തിന്റെ ലക്ഷ്യം രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് മുലായത്തെ ആല്‍വി രൂക്ഷമായി വിമര്‍ശിച്ചത്.

”ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. എങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തെ അദ്ദേഹത്തിന്റെ നിലപാട് മനസ്സിലാക്കിയാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്”.-അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ വിജയപ്പിക്കണമെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് വക്താവ് നടത്തിയ ഈ പരാമര്‍ശം അവിടെ കൂടുതല്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

മുലായത്തിനെതിരായ പരാമര്‍ശത്തില്‍ ആല്‍വി മാപ്പു പറയണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുലായത്തിന് ആല്‍വിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സമാജ്‌വാദി പാര്‍ട്ടി വക്താവ് പറഞ്ഞു. അതേസമയം, ആല്‍വിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് പാര്‍ട്ടിയുടെ മറ്റൊരു വക്താവായ ജനാര്‍ദ്ദനന്‍ ദ്വവേദി അറിയിച്ചിട്ടുണ്ട്.

Advertisement