തിരുവനന്തപുരം: റേഷന്‍ സബ്‌സിഡി അരി വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനുവരി ഒന്ന് മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നും  രണ്ട് രൂപയ്ക്ക് റേഷന്‍ കടകള്‍ വഴി അരി വിതരണം നടത്തുന്നത് സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കൗണ്ട് നമ്പര്‍ മാര്‍ച്ച് 31നകം നല്‍കുന്നവര്‍ക്ക് മാത്രമേ ജനുവരി ഒന്നിന് അരി നല്‍കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads By Google

അരിയുടെ സബ്‌സിഡിയിനത്തില്‍ 750 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെങ്കിലും പൊതുവിപണിയില്‍ അരിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം.19 കിലോ അരിയാണ് എ.പി.എല്‍ വിഭാഗത്തിന് സബ്‌സിഡിയോടെ നല്‍കുന്നത്.

ഇതില്‍ ഒന്‍പത് കിലോ സംസ്ഥാന സര്‍ക്കാര്‍ വകയാണ്. ഈ ഒന്‍പത് കിലോ അരിയുടെ സബ്‌സിഡി തുകയാണ് ബാങ്കിലെത്തുക. കിലോയ്ക്ക് 6.90 പൈസ നിരക്കിലാണ് സബ്‌സിഡി നല്‍കുന്നത്. ഇതിനായി സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 നകം അക്കൗണ്ട് നമ്പറുകള്‍ കൈമാറുന്നവര്‍ക്ക് ജനുവരി മുതലുള്ള സബ്‌സിഡി തുക മുന്‍കാല പ്രാബല്യത്തോടെ നല്‍കും. അതിനുശേഷമുള്ളവര്‍ക്ക് അക്കൗണ്ട് നമ്പര്‍ ഹാജരാക്കുന്നത് മുതലുള്ള സബ്‌സിഡി തുകയായിരിക്കും നല്‍കുകയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സബ്‌സിഡി അരി ജനങ്ങളില്‍ എത്തുന്നില്ലെന്നാണ് വിപണിയില്‍ അരിവില ഉയരുന്നതിലൂടെ സര്‍ക്കാര്‍ മനസിലാക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ മൂന്നിരട്ടി വിലയില്‍ അരി വാങ്ങേണ്ട സാഹചര്യമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. മറ്റ് പല സംസ്ഥാനങ്ങളിലും ഈ രീതി നടപ്പാക്കി വിജയിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച ശേഷമാണ് സംസ്ഥാനത്തും നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണിയിലെ അരിവില പിടിച്ച് നിര്‍ത്താന്‍ മൂന്നിന പരിപാടികളാണ് മുന്‍ഗണനയോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതില്‍ ഒന്നാണ് സബ്‌സിഡി തുക ബാങ്കുകള്‍ വഴി വിതരണം ചെയ്യുകയെന്നത്. ബി.പി.എല്‍ വിഭാഗത്തിന് ബയോമെട്രിക് രീതിയില്‍ അരി വിതരണം ചെയ്യുകയെന്നതാണ് മറ്റൊന്ന്. ഇതിന്റെ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും 2014 ജനുവരിക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുകയാണ് മൂന്നാമത്തെ പരിപാടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്‌കൂളുകളിലേക്ക് ആവശ്യമുള്ള 65000 ടണ്‍ അരിയും ഇങ്ങനെയെടുക്കും. ബാക്കി അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യും.