എഡിറ്റര്‍
എഡിറ്റര്‍
ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ്ണനാണയ വില്‍പ്പനക്ക് നിയന്ത്രണം വരുന്നു
എഡിറ്റര്‍
Thursday 28th June 2012 10:09am

മുംബൈ : ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ്ണനാണയ വില്‍പ്പനക്ക് നിയന്ത്രണം വരുന്നു. ഇറക്കുമതി ഉയര്‍ന്നതിനെ തുടര്‍ന്ന് ധനക്കമ്മി വര്‍ദ്ധിച്ചതും രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതുമാണ് ഇത്തരമൊരു നടപടിക്ക് റിസര്‍വ്വ് ബാങ്ക് ഒരുങ്ങാന്‍ കാരണം.

ബാങ്കിങ് റഗുലേഷന്‍ ആക്ട് അനുസരിച്ച് ബാങ്കുകള്‍ക്ക് ഉത്പന്ന വ്യാപാരം നടത്താന്‍ അനുമതിയില്ലെങ്കിലും 2008 ലെ സാമ്പത്തിക മാന്ദ്യകാലത്തിന് മുമ്പ് അധിക ഡോളര്‍ ഒഴിവാക്കുന്നതിനായി ഈ നിയമം താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു. അന്ന് രൂപ ശക്തമായ നിലയിലായിരുന്നതിനാല്‍ ഡോളറിന്റെ വരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ ഇതിന് ശേഷവും ബാങ്കുകള്‍ സ്വര്‍ണ്ണ വില്‍പ്പന തുടരുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ്ണവ്യാപാരം തുടരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നതിനാലാണ് നടപടിയുമായി റിസര്‍വ്വ് ബാങ്ക് രംഗത്തുവരുന്നത്.

കഴിഞ്ഞ ആഗസ്റ്റിന് ശേഷം രൂപയുടെ വിലയില്‍ 30 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ധനക്കമ്മി തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതമേഖലയിലേക്ക് പോകുന്നതും ബാങ്കിങ് മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.

2011 ല്‍ ഇന്ത്യ 969 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തിരുന്നു. 2012 ല്‍ ഇത് 958 ആയി. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ കുറയുന്നുണ്ടെന്നാണ് പുതിയ വിവരം. രൂപയുടെ ഇടിവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Advertisement