മുംബൈ: കുതിക്കുന്ന പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനായി റിസര്‍വ്വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ അരശതമാനം വര്‍ധനവ് വരുത്തി. ഇന്നുപ്രഖ്യാപിച്ച വായ്പാനയത്തിലാണ് റിസര്‍വ്വ് ബാങ്ക് നിരക്കുകളില്‍ വര്‍ധന വരുത്തിയിരിക്കുന്നത്.

റിപ്പോ നിരക്ക് അരശതമാനം വര്‍ധിച്ച് 7.25 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. റിവേഴ്‌സ് റിപ്പോ നിരക്കും അര ശതമാനം വര്‍ധിപ്പിച്ച് 6.25 ശതമാനമാക്കിയിട്ടുണ്ട്. സേവിംഗ്‌സ് ബാങ്ക് പലിശനിരക്ക് മുക്കാല്‍ ശതമാനം ഉയര്‍ത്തി നാലുശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കരുതല്‍ ധനാനുപാത നിരക്കില്‍ (സി.ആര്‍.ആര്‍) മാറ്റം വരുത്തിയിട്ടില്ല. ഈ സാമ്പത്തികവര്‍ഷം ഇതാദ്യമായണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. നേരത്തേ തുടര്‍ച്ചയായ എട്ടുതവണ റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

റിസര്‍വ്വ് ബാങ്കില്‍ നിന്ന് പണം വായ്പ വാങ്ങുമ്പോള്‍ മറ്റ് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. ആര്‍.ബി.ഐയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.ബാങ്കുകളിലെ നിക്ഷേപത്തിന്റെ നിശ്ചിത ഭാഗം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിനെയാണ് കരുതല്‍ ധനാനുപാതം(സി.ആര്‍.ആര്‍) എന്നു പറയുന്നത്.

നിരക്കുകളില്‍ വര്‍ധന വന്നതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കിലും വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഭവന-വാഹന വായ്പകളുടെ നിരക്കിലായിരിക്കും പ്രധാനമായും വര്‍ധനയുണ്ടാവുക. വിപണിയിലേക്ക് പണമൊഴുകുന്നത് തടഞ്ഞ് പണപ്പെരുപ്പത്തിന് തടയിടാനാണ് റിസര്‍വ്വ് ബാ്ങ്ക് നിരക്കുവര്‍ധനയിലൂടെ ലക്ഷ്യമിടുന്നത്.