തിരുവനന്തപുരം: സംവരണം സംബന്ധിച്ച് സി പി ഐ എംനിലപാടില്‍ ആശയക്കുഴപ്പം. സാമ്പത്തിക സംവരണം അംഗീകരിച്ച കൊണ്ട് ഹൈക്കോടതി നടത്തിയ വിധിപ്രഖ്യാപനത്തിലെ പരാമര്‍ശങ്ങളെച്ചൊല്ലിയാണ് പാര്‍ട്ടിയില്‍ അഭിപ്രായ വത്യാസം ഉടലെടുത്തിരിക്കുന്നത്. കോടതി പരാമര്‍ശങ്ങളെ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും ഡി വൈ എഫ് ഐയും സ്വാഗതം ചെയ്തപ്പോള്‍ കോടതി നിരീക്ഷണത്തോട് യോജിക്കാനാകില്ലെന്നാണ് പിന്നാക്ക മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയത്.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് കോളേജുകളിലും സര്‍വകലാശാലകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു വിധി.

വിധിയെ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും ഡി വൈ എഫ് ഐയും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ സംവരണത്തിലൂടെ പിന്നാക്ക വിഭാഗക്കാരുടെ സാമൂഹിക സ്ഥിതി മെച്ചപ്പെട്ടെന്ന ഹൈക്കോടതി നിരീക്ഷണത്തോട് യോജിക്കാനാവില്ലെന്ന് പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലന്‍ ഇന്ന് വ്യക്തമാക്കി.

ആറു ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന പിന്നാക്ക സംവരണം പട്ടിക വിഭാഗങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ജീവിത നിലവാരത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സംവരണാനുകൂല്യം വഴി ഇവര്‍ക്ക് സാമൂഹികവും സാമ്പത്തികമായും മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി പിന്നാക്ക സമുദായങ്ങള്‍ സംവരണമില്ലാതെ തന്നെ മറ്റുള്ളവരുമായി മല്‍സരിച്ചു മുന്നേറുകയാണു വേണ്ടത്.

വിദ്യാഭ്യാസത്തിലും തൊഴിലിലും മികവു പുലര്‍ത്തണമെങ്കില്‍ മല്‍സര സ്വഭാവം ആവശ്യമാണ്. മികച്ചവുള്ളവരുമായി മല്‍സരിക്കാന്‍ പര്യാപ്തരാകുന്ന തരത്തില്‍ സമുദായാംഗങ്ങളെ മാറ്റിയെടുക്കാന്‍ നേതാക്കള്‍ തയാറാവണം. മികച്ച വിദ്യാര്‍ഥികളുമായി മല്‍സരിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ പിന്നാക്കക്കാര്‍ക്കു കഴിയണം.

തൊഴില്‍രംഗത്ത് സംവരണം കുറക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് സാമുദായിക സംവരണമെന്ന മധുരതരമായ പദം ഉത്ഭവിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്കക്കാര്‍ക്കു വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ഏര്‍പ്പെടുത്തിയതിലൂടെ പിന്നാക്കാവസ്ഥക്കു കാതലായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ രംഗങ്ങളില്‍ മല്‍സര സ്വഭാവം വളര്‍ത്താന്‍ കഴിഞ്ഞാല്‍ അത് സമുദായങ്ങള്‍ക്കു നേട്ടമുണ്ടാക്കാന്‍ സഹായകമാവും. ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഫലമാണ് പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ചയ്ക്കു കാരണമായത്.

കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതോടെ മുന്നോക്കക്കാരുടെ ദുരവസ്ഥ തുടങ്ങിയെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ജീവിത നിലവാരത്തില്‍ വന്‍മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കോടതി വിധി വന്ന ുടന്‍ തന്നെ അതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പാലൊളി മുഹമ്മദ് കുട്ടി വ്യക്തമാക്കിയിരുന്നു. ഡി വൈ എഫ് ഐ സമ്മേളനം അംഗീകരിച്ച പ്രമേയവും കോടതി വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ മന്ത്രി ബാലന്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ സംവരണം സംബന്ധിച്ച് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നിരിക്കയാണ്.