ന്യൂദല്‍ഹി: രാജ്യം അറുപത്തൊന്നാം റിപ്പബ്ലിക്ദിനമാഘോഷത്തിലേക്ക്. കര-നാവിക-വ്യോമസേനകള്‍ പങ്കെടുത്ത, റിപ്പബ്ലിക് ദിനപരേഡിന്റെ, ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ രാജ്പഥില്‍ നടന്നു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.

രാജ്യത്തിന്റെ സൈനികശേഷിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചറിയിക്കുന്ന റിപ്പബ്ലിക്ദിനപരേഡിന്റെനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. മാര്‍ച്ച് പാസ്റ്റിനൊപ്പം കരസേനയുടെ ടാങ്കുകളും സംസ്ഥാനങ്ങളുടെയും മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങളും റിഹേഴ്‌സലിന് അണിനിരന്നു.

റിപ്പബ്ലിക് ദിന പരേഡ് നാളെ, രാഷ്ട്രപതിയുടെ വസതിയില്‍ നിന്ന് തുടങ്ങി ഇന്ത്യാഗേറ്റ് വഴി ചെങ്കോട്ടയില്‍ അവസാനിക്കും. ലഫ്റ്റനന്റെ് ജനറല്‍ കെ.ജെ.എസ് ഒബ്‌റോയിയാണ് റിപ്പബ്ലിക് ദിന പരേഡിനെ നയിക്കുന്നത്. മലയാളിയായ ക്യാപ്റ്റന്‍ സന്ദീപ് കുറുപ്പാണ് മദ്രാസ് റെജിമന്റിന്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍. കനത്ത സുരക്ഷാവലയത്തിലാണ് പരിശീലന പരേഡ് നടന്നത്.

സംസ്ഥാനങ്ങളുടെതും മന്ത്രാലയങ്ങളുടെതുമായ 21 നിശ്ചലചിത്രങ്ങളായിരിക്കും പരേഡില്‍ അണിനിരക്കുക. അനുഷ്ഠാന കലയായ പടയണിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം. കനത്ത മൂടല്‍മഞ്ഞു റിപ്ലബ്ലിക് ദിനത്തെ എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമല്ല. എം ബി ടി ടാങ്കുകളും ബിഡ്ജുകളും ട്രാക്ക് ആംബുലന്‍സുകളും കരസേനയുടെ ശക്തി തെളിയിച്ച് പരേഡില്‍ പങ്കെടുക്കും.