മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. റിസര്‍വ്വ് ബാങ്കുകളില്‍ നിന്ന് പണം വായ്പ വാങ്ങുമ്പോള്‍ മറ്റ് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. ആര്‍.ബി.ഐയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.

പലിശ വര്‍ധിപ്പിക്കാതിരിക്കാനുള്ള ശ്രമം ആര്‍.ബി.ഐ നേരത്തെ നടത്തിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിര്‍വ്വാഹമില്ലെന്നത് കൊണ്ടാണ് പുതിയ തീരുമാനം. ചെറുകിട ബാങ്കുകളിലെയെങ്കിലും പലിശ നിരക്ക് ഇതോടെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആത്യന്തികമായി ബാങ്ക് ലോണെടുക്കുന്ന സാധാരണക്കാരെയായിരിക്കും ഇത് ബാധിക്കുക.

റിപോ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും റിവേഴ്‌സ് റിപോ അഞ്ച് ശതമാനത്തില്‍ നിന്ന് 5.25 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. അര്‍ധവാര്‍ഷിക പണവായ്പാ നയ അവലോകനത്തിലാണ് ആര്‍.ബി.ഐ നിരക്കുകള്‍ ഉയര്‍ത്തിയത്.

കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഇത് ആറ് ശതമാനത്തില്‍ തുടരും. ആസുത്രണ കമ്മീഷന്റെ ആവശ്യം മുന്‍നിര്‍ത്തിയാണിത്. ബാങ്കുകളിലെ നിക്ഷേപത്തിന്റെ നിശ്ചിത ഭാഗം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിനെയാണ് കരുതല്‍ ധനാനുപാതം എന്നു പറയുന്നത്.