എഡിറ്റര്‍
എഡിറ്റര്‍
അമൃതാനന്ദമയി മഠത്തിലെ അക്രമം: സത്‌നാമിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
എഡിറ്റര്‍
Wednesday 8th August 2012 6:25am

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ ദര്‍ശനവേദിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ശേഷം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച സത്‌നാം സിങ് മാനിന്റെ(24) മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ബീഹാറിലെ ഗയ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പിതാവിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ബീഹാര്‍ ഡി.ജി.പിയുടെ അനുമതിയോടുകൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം.

Ads By Google

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വെച്ച് സത്‌നാമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. യുവാവിന്റെ മരണത്തിന് ഇടയാക്കിയത് കഴുത്തിലും തലച്ചോറിലുമേറ്റ മുറിവുകളാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെളിവായിരുന്നു. എഴുപതോളം മുറിവുകളും പാടുകളുമാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. അതിനുശേഷം മൃതദേഹം കഴിഞ്ഞദിവസം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.

അതിനിടെ, സംഭവത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സി.ബി.ഐ അന്വേഷണം വേണമെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവാവിന് ക്രൂരമര്‍ദനമേറ്റതായാണ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പേരൂര്‍ക്കട പൊലീസിന് ലഭിച്ച സൂചന. മാനസികാരോഗ്യ കേന്ദ്രത്തിലെ  രണ്ട്‌ സുരക്ഷാ ജീവനക്കാരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസിനു ലഭിച്ച ആദ്യ വിവരം. അതിനിടെ, ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ യുവാവിനെ വിഴിഞ്ഞം സ്വദേശിയായ ഒരു തടവുകാരന്റെ ഒപ്പം സെല്ലില്‍ പാര്‍പ്പിച്ചതായും അവിടെ ഇരുവരും ഏറ്റുമുട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ബിഹാര്‍ ഗയയില്‍ ഗട്ടിയ മുഹല്ല ഷേര്‍ഗാട്ടി സ്വദേശിയും രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിയുമായ സത്‌നാം സിങ്ങിനെ വള്ളിക്കാവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു കൊല്ലം ജില്ലാ ജയിലിലാണ് ആദ്യം പാര്‍പ്പിച്ചത്.  വെള്ളിയാഴ്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ ബലമായി മുടിയും താടിയും വെട്ടിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

പിന്നീടു മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് മുടി വെട്ടിയതെന്നാണ് വിവരം. തീരെ അവശനിലയില്‍ കുളിമുറിയിലേക്ക് ഇഴഞ്ഞുനീങ്ങിയാണ് വെള്ളം കുടിക്കാന്‍ പോയത്. അവിടെ ബോധരഹിതനായി. ഡ്യൂട്ടി ഡോക്ടര്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. വളരെ വൈകിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസിനെ വിവരമറിയിച്ചില്ലെന്നും പരാതിയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപകുമാര്‍, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സുനില്‍ കുമാറില്‍ നിന്ന് മൊഴിയെടുത്തിരുന്നു. യുവാവിന് മര്‍ദനമേറ്റതായി ഇദ്ദേഹം മൊഴി നല്‍കി. സത്‌നാം സിങ്ങിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ്, അദ്ദേഹത്തിന്റെ സഹോദരന്‍ രാം സിങ്, സത്‌നാമിന്റെ സഹോദരന്‍  ദീപ്കുമാര്‍ സിങ് എന്നിവരുടെയും മൊഴിയെടുത്തിരുന്നു.

Advertisement