വാഷിങ്ടണ്‍: മഹാത്മഗാന്ധിയെ അമേരിക്കയിലെ പ്രമുഖ ക്രൈസ്തവ സന്യാസി സഭയിലേക്ക് മരണാനന്തര മാമോദിസ മുക്കിയതായി വെളിപ്പെടുത്തല്‍. ഹിന്ദു വക്താവ് രാജന്‍ സെദ് യു.എസിലെ നവാഡയിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യു.എസിലെ വളര്‍ന്നുവരുന്ന സന്യാസ സഭയായ ലാറ്റര്‍ ഡേ സെയിന്റ്‌സ്(എല്‍.ഡി.സ്) ഗാന്ധിജിയെ ജ്ഞാനസ്‌നാനം ചെയ്യിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.

ലാറ്റര്‍ ഡേ സെയിന്റ്‌സില്‍നിന്ന് ഈയിടെ പുറത്താക്കപ്പെട്ട ഹെലന്‍ റഡ്കി എന്ന ഗവേഷക യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ പ്രസിഡന്റ് തനിക്കയച്ച ഇ.മെയില്‍ സന്ദേശത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയതെന്ന് രാജന്‍ സേദ് പറയുന്നു. 1996 മാര്‍ച്ച് 27ന് യു.എസിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ സഭയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങുകളില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മാമോദിസ ചെയ്യിച്ചതായാണ് മെയിലില്‍ പറയുന്നത്. 2007 നവംബര്‍ 17ന് കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കി. 2009 ഫെബ്രുവരി നാലിന് ഇനിഷ്യേറ്ററി പൂര്‍ത്തിയായി. 1996 ഒക്ടോബര്‍ 2ന് എന്റോവ്‌മെന്റ് പൂര്‍ത്തിയായെന്നും ഹെലന്‍ റഡ്കി അറിയിച്ചതായി സേദ് പറയുന്നു.

‘ഇതു സംബന്ധിച്ച ചില പ്രധാന രേഖകളുടെ പകര്‍പ്പ് എന്റെ കൈയിലുണ്ട്. എന്നാല്‍, സഭാ ആസ്ഥാനത്തെ രേഖകള്‍ പിന്നീട് കാണാതായി. സഭ ഇക്കാര്യം പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നതായി വ്യക്തമാണ്’ ഹെലന്‍ ചൂണ്ടിക്കാട്ടി.

മാമോദിസ വാര്‍ത്ത പുറത്തായതോടെ ഇതിനെതിരെ ഗാന്ധിജിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. യു.എസില്‍ സ്ഥിര താമസമാക്കിയ ഗാന്ധിജിയുടെ പേരക്കുട്ടി അരുണ്‍ ഗാന്ധി സഭയുടെ നടപടിയില്‍ പ്രതിഷേധിച്ചു. ‘ഗാന്ധിജിയെ ഏതെങ്കിലും ഒരു മതത്തിന്റെ അനുയായിയായി മാത്രം കാണാന്‍ കഴിയില്ല. സര്‍വമതങ്ങളോടും ബഹുമാനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഒരാളെ അയാളുടെ സമ്മതമില്ലാതെ മതത്തില്‍ ചേര്‍ക്കുന്നതിനെ ഗാന്ധിജി എതിര്‍ത്തിരുന്നു. പരേതരെ എന്തും ചെയ്യാമെന്നും ആരും ചോദിക്കാനില്ലെന്നുമുള്ള ധാരണ തിരുത്തണം’ അരുണ്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

വാഷിങ്ടണ്‍ കേന്ദ്രീകരിച്ച ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അടക്കമുള്ള നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകമായ ആചാരനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ലാറ്റര്‍ ഡേ സെയിന്റ്‌സ് സഭ ആന്‍ ഫ്രാങ്കിനെ ജ്ഞാനസ്‌നാനം ചെയ്യിച്ചതിന്റെ പേരില്‍ നേരത്തേ വിവാദത്തിലായിരുന്നു. എന്നാല്‍, ഇക്കാര്യം സഭ നിഷേധിച്ചിരുന്നു. മരിച്ച വ്യക്തിയുടെ പ്രതിപുരുഷനായി ഒരാളെ തീരുമാനിച്ച് ജ്ഞാനസ്‌നാനം ചെയ്യിക്കയാണ് ഇവരുടെ രീതി.

Malayalam News

Kerala News In English