മുംബൈ: മിഡ്-ഡേ ടാബ്ലോയ്ഡിലെ റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. താരാകാന്ത് ദ്വിവേദി എന്ന അകേലയെ അറസ്റ്റ് ചെയ്തതാണ് മാധ്യമരംഗത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

26/11 മുംബൈ ആക്രമണത്തിനേുശേഷം എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ റെയില്‍വേ പോലീസിനും റെയില്‍വേ സംരക്ഷണസേനയ്ക്കും കൈമാറിയതിലെ ക്രമക്കേട് വെളിപ്പെടുത്തുന്ന അകേലയുടെ റിപ്പോര്‍ട്ടാണ് അധികാരികളെ ചൊടിപ്പിച്ചത്. ഔദ്യോഗിക രഹസ്യനിയമത്തിന്റെ വകുപ്പുകളുപയോഗിച്ചാണ് അകേലയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ അകേലയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മുംബൈ എന്ന മറ്റൊരു ടാബ്ലോയ്ഡില്‍ പ്രവര്‍ത്തിക്കവേയാണ് അകേല ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയിലെ മറാത്തി പത്രകാര്‍ സംഗില്‍ നിന്നും മന്ത്രാലയത്തിലേക്കാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. അതിനിടെ പ്രശ്‌നത്തെക്കുറിച്ച് പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടില്‍ അറിയിച്ചു.