Categories

റിപ്പോര്‍ട്ടറിന് അനുമതിയായി; മാധ്യമത്തിനായി എം.പിമാരുടെ കത്ത്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന കേരളത്തില്‍ യുദ്ധത്തിന് കൊഴുപ്പുകൂട്ടാന്‍ കൂടുതല്‍ വാര്‍ത്താ ചാനലുകളും രംഗത്തെത്തുന്നു. എം.വി നികേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ ടെലിവിഷന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു.മാധ്യമം ദിനപത്രവും ചാനല്‍ പദ്ധതിയുമായി രംഗത്തുണ്ട്.

ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ലൈസന്‍സ് സംബന്ധിച്ച് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ നിന്ന് ചാനല്‍ ഉടമകളായ ഇന്തോ ഏഷ്യാ കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് അറിയിപ്പു ലഭിച്ചു. അപ്‌ലിങ്കിംഗ് അനുമതി നേരത്തേ ലഭിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുകൂലമായ സാഹചര്യത്തിലാണു ഡൗണ്‍ ലിങ്കിംഗ് അനുമതിയും ലഭിച്ചത്. ഇതോടെ സംപ്രേഷണത്തിനു മറ്റു തടസങ്ങളില്ലാതായി. എന്നാല്‍ മാധ്യമത്തിന്റെ ന്യൂസ് ചാനലിന് ഡൗണ്‍ലിങ്കിങ് അനുമതി ലഭിച്ചിക്കുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.

മാധ്യമം ചാനലിന് സംപ്രേഷണാനുമതി നേടാന്‍ കേരളത്തിലെ എംപിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍ ഒഴികെയുള്ള ലോക്‌സഭാംഗങ്ങളുടെയും രാജ്യസഭാംഗങ്ങളുടെയും ശുപാര്‍ശയാണ് മാധ്യമത്തിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു നല്‍കിയത്. മാധ്യമം മാനേജ്‌മെന്റിന്റെ ജമാഅത്തെ ഇസ്‌ലാമി പശ്ചാത്തലമാണു ഡൗണ്‍ലിങ്കിങ് അനുമതി വൈകുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യാവിഷന്‍ മുന്‍ സിഇഒ എം.വി.നികേഷ്‌കുമാര്‍ എംഡിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.ടി.നാസര്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ റിപ്പോര്‍ട്ടര്‍ ടിവിയിലേയ്ക്ക് മുഖ്യധാരാ ചാനലുകളിലെ ശ്രദ്ധേയരായ ചില സീനിയര്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂടി എത്തും. ഇന്ത്യാവിഷനില്‍ വാസ്തവം പരിപാടി അവതരിപ്പിച്ചിരുന്ന അനീഷ് ബര്‍സോം അടുത്ത ദിവസം റിപ്പോര്‍ട്ടറില്‍ ചേരും.
റിപ്പോര്‍ട്ടറില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പരിശീലന ക്യാമ്പ് കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ആരംഭിച്ചു. കോഴിക്കോട് ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ്ബ്യൂറോ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

എറണാകുളം കളമശേരിയില്‍ പണിപൂര്‍ത്തിയായി വരുന്ന മൂന്നുനിലക്കെട്ടിടത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രധാന സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള ആസ്ഥാനം പ്രവര്‍ത്തിക്കുക. സ്റ്റുഡിയോ അടുത്ത തിങ്കളാഴ്ച സജ്ജീകരിച്ചു തുടങ്ങും.

3 Responses to “റിപ്പോര്‍ട്ടറിന് അനുമതിയായി; മാധ്യമത്തിനായി എം.പിമാരുടെ കത്ത്”

 1. Lajma

  Reporter will be the front runner among news channels..best wishes my reporter tv friends…mvn going to strike kerala again!!

 2. anish mathew

  Which CPIM member is signed for Madhyamem Channel? CPIM says its a terroirst organisation and how can their MPs can support it?

 3. Sreeraj Kaviyoor

  പുതുതായി ആരംഭിക്കുന്ന വാർത്താ ചാനലായ റിപ്പോർട്ടറിന് എല്ലാ വിധ ആശംസകളും.
  അതോടൊപ്പം ഒരു കാര്യം കൂടി. ഇപ്പോൾ നിലവിലുള്ള വാർത്താ ചാനലുകളായ മനോരമ, ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ തുടങ്ങിയ ചാനലുകളെ പോലെ യു.ഡി.എഫ്.-നെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളേയോ അന്ധമായി സപ്പോർട്ട് ചെയ്യാത്ത, വാർത്തകളും മറ്റും സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്ന, ഒരു സ്വതന്ത്ര രാഷ്ട്രീയ നിലപാടുള്ള ഒരു വാർത്താ ചാനലിനായി കേരളത്തിലെ സാധാരണ ജനങ്ങൾ കാത്തിരിക്കുന്നു. (മുൻപു പറഞ്ഞ ചാനലുകളിൽ കൈരളി പീപ്പിളിനെ ഉൾപ്പെടുത്താത്തത് മനഃപൂർവ്വമാണ്, കാരണം അത് ഒരു പാർടി ചാനൽ തന്നെയാണ്).

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.