തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്റെ ഐ.സി.ടി അക്കാദമി ഡയറക്ടര്‍ നിയമനും ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റവും അന്വേഷിച്ച വി.ഡി സതീശന്റെ അധ്യക്ഷതയിലുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചു. വി.എ അരുണ്‍കുമാറിന്റെ നിയമനം ക്രമവിരുദ്ധമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അരുണ്‍കുമാറിന്റെ നിയമനം ക്രമവിരുദ്ധമാണെന്ന കണ്ടെത്തലിനെ നിയമസഭാ സമിതിയിലെ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്തു.

റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. നേരത്തേ 1987ല്‍ ഇത്തരം സംഭവം ഉണ്ടായിട്ടുളളതായി കോടിയേരി ചൂണ്ടിക്കാട്ടി. പി.പി. തങ്കച്ചന്‍ സ്പീക്കറായിരുന്ന സഭയില്‍ സബ്ജക്ട് കമ്മിറ്റിക്കു അംഗങ്ങളുടെ വിയോജനക്കുറിപ്പു രേഖപ്പെടുത്താനുളള അവകാശം നല്‍കിയിരുന്നു. അത്തരമൊരു നിലപാടിലേക്കു സ്പീക്കര്‍ നീങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സിമിതിയിലെ പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് കൂടി റിപ്പോര്‍ട്ടില്‍ ചേര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും മിനുട്ട്‌സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സമിതി അധ്യക്ഷന്‍ വി.ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളുടെ വിജോയനക്കുറിപ്പ് റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ക്കേണ്ടെന്ന് സ്പീക്കറും വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷ കക്ഷികള്‍ സഭിയില്‍ ബഹളം വെച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് സഭയുടെ മേശപ്പുറത്തുവെയ്ക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.

വി.എ.അരുണ്‍കുമാറിനെതിരായുള്ള നാല് ആരോപണങ്ങളാണ് ഒന്‍പത് അംഗ നിയമസഭാ സമിതി പ്രധാനമായും അന്വേഷണ വിധേയമാക്കിയത്. ഐ.സി.ടി അക്കാദമി ഡയറക്ടറായുള്ള നിയമനം, അക്കാദമിക്ക് പണം അനുവദിച്ചത്, ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനകയറ്റങ്ങള്‍, സ്വകാര്യ സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് അന്വേഷിച്ചത്. സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാന്‍ ഏഴ് മാസം സമയമെടുത്തു.

വി.ഡി സതീഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പിറവം ലക്ഷ്യമിട്ടാണെന്ന് നിയമസഭാ സമിതി അംഗവും സി.പി.ഐ.എം എം.എല്‍.എയുമായി എസ്. ശര്‍മ്മ കുറ്റപ്പെടുത്തി. നിയമസഭാ സമിതി ഭൂരിപക്ഷം ഉപയോഗിച്ചത് മുഷ്‌കിന്‍രെ രൂപത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. വി.എസ് ഇടപെട്ടതിനെക്കുറിച്ച് തെളിവായി ഒറ്റ സാക്ഷി മൊഴി പോലും ഇല്ലെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് മുന്‍വിധിയോടെയുള്ളതാണെന്ന് പി.കെ ഗുരുദാസന്‍ എം.എല്‍.എ കുറ്റപ്പെടുത്തി.

അരുണ്‍കുമാറിന്റെ നിയമനം: റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്ന് വി.എസ്

Malayalam news

Kerala news in English