എഡിറ്റര്‍
എഡിറ്റര്‍
ചില്ലകള്‍ വെട്ടി മരം വീഴ്ത്താന്‍ ശ്രമം; വി.എസിന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫുകളെ പുറത്താക്കാന്‍ നീക്കം
എഡിറ്റര്‍
Wednesday 6th June 2012 12:52pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെ സി.പി.ഐ.എം അന്വേഷണ റിപ്പോര്‍ട്ട്. വി.എസിന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍, വി.എസിന്റെ അഡീഷണല്‍ പി. എ. സുരേഷ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഘടനാപരമായ വാര്‍ത്ത ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്.

വി.എസ് മുഖ്യമന്ത്രിയായിരിക്കേ നടന്ന 2008ലെ കോട്ടയം സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ ഇടക്കാല റിവ്യൂ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷണം വന്നത്. വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയായിരുന്നു ഇതിനായി നിയോഗിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അവസാനത്തെ അജണ്ടയായിട്ടാണ് ഇന്നലെ വിഷയം പരിഗണിച്ചത്.

സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുന്ന വി.എസ് അച്യുതാനന്ദനെ ഒതുക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമായാണ് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ക്കെതിരായ നടപടിയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. വി.എസിന്റെ അനുയായികളെ ഒതുക്കി അതുവഴി അദ്ദേഹത്തെ തളര്‍ത്തുകയെന്ന തന്ത്രമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുതെന്നാണ് വിലയിരുത്തല്‍.

സി.പി.ഐ.എം ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണിലെ കരടാണ് ബാലകൃഷ്ണനും, സുരേഷും, ശശിധരനും. വി.എസിന്റെ പോരാട്ടങ്ങള്‍ ശക്തിപകരുന്നത് ഇവരാണെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ടെത്തല്‍.

കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ബാലകൃഷ്ണപിള്ള, ഫാരീസ് അബൂബക്കര്‍ എന്നിവര്‍ക്കെതിരെ കോടതിക്കകത്തും പുറത്തും വി.എസ്. നടത്തിയ പോരാട്ടത്തിന് ഈ മൂന്നംഗ സംഘത്തിന്റെ സഹായവും പിന്തുണയുമുണ്ടായിരുന്നതായി പാര്‍ട്ടി വിശ്വസിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് മത്സരിച്ച എം.കെ. രാഘവനെ വിജയിപ്പിക്കാനായി വി.എസ്സിന്റെ പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാറുമായി ഫോണില്‍ നിരന്തരംബന്ധപ്പെട്ടിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ അന്വേഷണ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കുന്നതിന്റെ ആദ്യപടിയായാണ് കാണുന്നത്.

ടി.പി. ചന്ദ്രശേഖരന്റെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് വി.എസ് ഉയര്‍ത്തിയ നിര്‍ണായകമായ നിലപാടുകള്‍ക്കും പ്രസ്താവനകള്‍ക്കും പിന്നില്‍ ഈ മൂവര്‍ സംഘം തന്നെയാണെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇവരോട് വിശദീകരണം തേടാനാണ് സി.പി.ഐ.എം സെക്രട്ടറിയേറ്റ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇവരുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം സംസ്ഥാനസമിതിയില്‍ ഉണ്ടാവും.

നേരത്തെ വി.എസിന്റെ ഐ.ടി ഉപദേശകനായിരുന്ന ജോസഫ് സി. മാത്യുവിനെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ. സുരേഷ്‌കുമാര്‍ ഐ.എ.എസിനെയും പാര്‍ട്ടി മാറ്റി നിര്‍ത്തിയിരുന്നു.

Advertisement