തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വച്ച് വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ ടി.വി രാജേഷ് എം.എല്‍.എയ്‌ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റൂറല്‍ എസ്.പി റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറി. ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ ചെയ്തു നല്‍കുകയായിരുന്നു.

പോലീസ് മേധാവിക്കുവേണ്ടി അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കാനായി മറ്റൊരു റിപ്പോര്‍ട്ടും പോലീസ് മേധാവിക്കുവേണ്ടി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

സംഭവത്തെതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ടി.വി രാജേഷ് എം.എല്‍.എ കത്തയച്ചു. തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്രസ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അസ്ലീലമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭൂഷണമാണോയെന്നും കത്തില്‍ ചോദിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ പകപോക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.