പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: ഡി.ഐ.ജി ശ്രീജിത്തിനെതിരെയുള്ള വാര്‍ത്ത പിന്‍വലിച്ച് രണ്ട് ദിവസത്തിന് ശേഷം റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത വീണ്ടും സംപ്രേഷണം ചെയ്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ചാനലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഇപ്പോള്‍ ചാനല്‍ വാര്‍ത്തയുടെ ഫോളോ അപ്പ് നല്‍കിയത്.

Ads By Google

കേരളാ പോലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ രണ്ടാം സ്ഥാനം പിടിച്ച ഡി.ഐ.ജി ശ്രീജിത്തിനെതിരായ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒറ്റ ബുള്ളറ്റിനില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. തുടര്‍ന്നുവന്ന ബുള്ളറ്റിനുകളില്‍ വാര്‍ത്ത പിന്‍വലിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വാര്‍ത്ത മുക്കിയതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം ഇതിന് ചാനല്‍ വിശദീകരണം നല്‍കിയിരുന്നുമില്ല.

19.9.2012 ന് കൊച്ചി റിപ്പോര്‍ട്ടര്‍ ഷാന്‍ എസ്. ഡേവിഡ് ഫയല്‍ ചെയ്തതായിരുന്നു ശ്രീജിത്തിനെതിരായ വാര്‍ത്ത. വ്യക്തമായ രേഖകള്‍ സഹിതം ഡി.ജി.പി.ക്ക് വിന്‍സണ്‍ എം. പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഡി.ജി.പി. സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് മുക്കിയിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടത്. എന്നാല്‍ ഫോളോ അപ്പ് വാര്‍ത്തയില്‍ ഡി.വൈ.എസ്.പി.ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ഡി.ഐ.ജി ശ്രീജിത്തിനെതിരെ നടപടിയൊന്നും എടുത്തില്ലെന്നും ചാനല്‍ പറയുന്നു. എന്നാല്‍ ഡി.വൈ.എസ്.പിക്കെതിരെയും ഇതുവരെ നടപടി എടുത്തിട്ടില്ലെന്നാണ് അന്നത്തെ കല്ലൂപ്പാറ എം.എല്‍.എ ആയിരുന്ന ജോസഫ് എം. പുതുശ്ശേരി വ്യക്തമാക്കുന്നത്.

19.9.2012 ന് റിപ്പോര്‍ട്ടര്‍ ടി.വി നല്‍കിയ വാര്‍ത്ത


സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ കടുത്ത വിമര്‍ശനമാണ് വാര്‍ത്ത പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നത്. ‘ ശ്രീജിത്തിനെ ഇത്രയ്ക്ക് പേടിയോ നികേഷ്’, ‘ശ്രീജിത്തും നികേഷും തമ്മിലെന്ത്?’, തുടങ്ങിയ കമന്റുകളാണ് ചര്‍ച്ചയില്‍ വന്നിട്ടുള്ളത്.

‘ഇനിമേലില്‍ ഒരു വാര്‍ത്തയും തമസ്‌കരിക്കപ്പെടില്ല’ എന്ന അവകാശവാദവുമായാണ് എം.വി നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. എന്നാല്‍ ഈ നയത്തില്‍ നിന്ന് പുറകോട്ട് പോയെന്ന് പറഞ്ഞ് തുടക്കം മുതല്‍ ചാനലിലുണ്ടായിരുന്ന ചിലര്‍ വിട്ടുപോയിട്ടുണ്ട്.

‘ഇനിമേലില്‍ ഒരു വാര്‍ത്തയും തമസ്‌കരിക്കപ്പെടില്ല’ എന്ന അവകാശവാദവുമായാണ് എം.വി നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. എന്നാല്‍ ഈ നയത്തില്‍ നിന്ന് പുറകോട്ട് പോയെന്ന് പറഞ്ഞ് തുടക്കം മുതല്‍ ചാനലിലുണ്ടായിരുന്ന ചിലര്‍ വിട്ടുപോയിട്ടുണ്ട്.


ഡി.ഐ.ജി. ശ്രീജിത്തിനെതിരെ ഐ.ജി. വിന്‍സന്റ് എം. പോളിന്റെ റിപ്പോര്‍ട്ട്

പ്രവാസി മലയാളിയെ നിയമവിരുദ്ധമായി കുവൈത്ത് ജയിലിലടപ്പിച്ചെന്നാരോപിച്ചാണ് ഡി.ഐ.ജി. ശ്രീജിത്തിനെതിരെ ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുവൈത്തിലെ വ്യവസായ ഗ്രൂപ്പിന് വേണ്ടിയാണ് ശ്രീജിത്ത് ചട്ടങ്ങള്‍ ലംഘിച്ച് ചങ്ങനാശ്ശേരി സ്വദേശിയെ ജയിലിലടപ്പിച്ചതെന്നാണ് വിന്‍സണ്‍ എം. പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കല്ലൂപ്പാറ എം.എല്‍.എ ആയിരുന്ന ജോസഫ് എം. പുതുശ്ശേരി 2008 മെയ് 21 നാണ്  അന്ന് കോട്ടയം പോലീസ് സൂപ്രണ്ടായിരുന്ന എസ്. ശ്രീജിത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്. പി.ടി തോമസ് എം.പിയും ശ്രീജിത്തിനെതിരെ പരാതി നല്‍കിയിരുന്നു. ചങ്ങനാശ്ശേരി സ്വദേശി ടൈറ്റസിനെ കുവൈറ്റില്‍ നിയമവിരുദ്ധമായി ജയിലിലടക്കാന്‍ ഡി.ഐ.ജി ശ്രീജിത്ത് മുന്‍കൈയെടുത്തെന്നായിരുന്നു പരാതി.

പരാതിയെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ച ഐ.ജി വിന്‍സണ്‍ എം. പോള്‍ 2008 സെപ്റ്റംബര്‍ 30 ന് വിശദമായ റിപ്പോര്‍ട്ടും രേഖകളും ഡി.ജി.പിക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഡി.ജി.പി ഇതില്‍ തുടര്‍ നടപടികളൊന്നും എടുത്തിരുന്നില്ല. ഒരു ഇന്ത്യന്‍ പൗരനെ വിദേശ രാജ്യത്ത് വെച്ച് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യാന്‍ സഹായം ചെയ്തു കൊടുത്ത ഒരാള്‍ക്കെതിരെ നിയമ നടപടി വേണമെന്ന് ജോസഫ് എം. പുതുശ്ശേരി എം.എല്‍.എ ഡൂള്‍ന്യൂസിനോട് സംസാരിക്കവെ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഉടന്‍ തന്നെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിന്‍സണ്‍ എം. പോളിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡി.ഐ.ജി. എസ്. ശ്രീജിത്തിന്റെ ഇടപെടലുകളെ വെളിപ്പെടുത്തുന്നതാണ്. കുവൈറ്റിലെ കമ്പനിയും ടൈറ്റസും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് സി.ഐ. ബിജോയ് സഹായിക്കുമെന്ന വിശ്വാസത്തിലാണ് ടൈറ്റസ് കുവൈറ്റിലേക്ക് പോയത്.

എസ്. ശ്രീജിത്തിന്റെ ഉറപ്പിന് മുകളില്‍ 2006 ഒക്ടോബര്‍ 13 നാണ് ടൈറ്റസ് കുവൈറ്റിലേക്ക് പോയത്. കുവൈറ്റിലെ സ്വാകാര്യകമ്പനിയുടെ ടിക്കറ്റിലായിരുന്നു യാത്ര. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു ഓഫീസര്‍ എസ്.പിക്ക് യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്താതെയാണ് പോയതെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലീവ് അനുവദിച്ചത് എന്തിനായിരുന്നെന്ന് അറിയില്ലെന്ന് പറയുന്നതും വിശ്വാസയോഗ്യമല്ലെന്നും വിന്‍സണ്‍ എം. പോള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഓഫീസര്‍ റാങ്കിലുള്ള ബിജോയ് ഒരു വിദേശക്കമ്പനിയുടെ ടിക്കറ്റില്‍ യാത്ര നടത്തിയത് ഗുരുതരമായ നിയമലംഘനമാണെന്ന് റിപ്പോര്‍ട്ടുണ്ട്. സാഹചര്യത്തെളിവുകളെല്ലാം തന്നെ എസ്. ശ്രീജിത്തിനെതിരാണ്. ബിജോയ് കുവൈറ്റിലേക്ക് പോയതടക്കം മുഴുവന്‍ കാര്യങ്ങളും എസ്.പിയുടെ അറിവോടെയാണെന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജോയ് കുവൈറ്റില്‍ എവിടെ താമസിച്ചു എന്നതില്‍ മാത്രമേ അവ്യക്തതയുള്ളൂവെന്നും അത് എംബസിയുമായി ബന്ധപ്പെട്ട് വ്യക്തമാക്കേണ്ടതാണെന്നും പറഞ്ഞുകൊണ്ടാണ് വിന്‍സണ്‍ എം പോളിന്റെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

വിന്‍സണ്‍ എം. പോള്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പേര്‍ട്ടറിന്റെ കൂടെ സമര്‍പ്പിക്കപ്പെട്ട മറ്റു രേഖകള്‍

1. ടൈറ്റസ് മൈനിന്റെ സ്റ്റേറ്റ്‌മെന്റ്
2. സില്‍വസ്റ്റര്‍ മൈനിന്റെ സ്റ്റേറ്റ്‌മെന്റ്
3. ശ്രീജിത്ത് ഐ.പി.എസിന്റെ സ്റ്റേറ്റ്‌മെന്റ്
4. അന്നത്തെ ചങ്ങനാശ്ശേരി സി.ഐ ആയിരുന്ന ബിജോയ്.പി സ്റ്റേറ്റ്‌മെന്റ്
5. പി.ബിജോയിയുടെ വിക്കിലി ഡയറി
6. പി. ബിജോയ് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടില്‍ നിന്നും 13.10.2006ന് ഫ്‌ളൈറ്റ് നമ്പര്‍ ജെ.9609യില്‍ കുവൈറ്റിലേയ്ക്ക് പോയതിന്റെ രേഖകള്‍
7. ടൈറ്റസ് മൈനിന്റെയും ബിജോയിയുടെയും 13.10.2006 തീയ്യതിയിലുള്ള ഡിപ്പാര്‍ച്ചര്‍ കാര്‍ഡുകള്‍.

Document Against DIG Sreejith by Vinson M PaulDocument Against DIG Sreejith by Vinson M PaulDocument Against DIG Sreejith by Vinson M Paul