ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അര്‍ധപാദ വായ്പാനയം പുറത്തുവന്നു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെയുള്ള അവലോകന റിപ്പോര്‍ട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തി. എന്നാല്‍ സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ (എസ് എല്‍ ആര്‍) 25 ശതമാനത്തില്‍ നിന്നും 24 ശതമാനമായി കുറച്ചിട്ടുണ്ട്. കരുതല്‍ ധനാനുപാത നിരക്കും 6 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവുണ്ടായതിനെ തുടര്‍ന്ന് നിരക്കുകളില്‍ ആര്‍ ബി ഐ കാര്യമായ വര്‍ധന വരുത്തില്ലെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

റിസര്‍വ്വ് ബാങ്കുകളില്‍ നിന്ന് പണം വായ്പ വാങ്ങുമ്പോള്‍ മറ്റ് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. ആര്‍.ബി.ഐയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.ബാങ്കുകളിലെ നിക്ഷേപത്തിന്റെ നിശ്ചിത ഭാഗം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിനെയാണ് കരുതല്‍ ധനാനുപാതം എന്നു പറയുന്നത്.

പണപ്പെരുപ്പ സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിശക്തമാണെന്ന് ആര്‍ ബി ഐ അറിയിച്ചു. നേരത്തേ ഉയരുന്ന പണപ്പെരുപ്പം കണക്കിലെടുത്താണ് ആര്‍ ബി ഐ പ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്.