ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ അര ശതമാനം ഉയര്‍ത്തി. ഇതോടെ റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്‌സ് റിപ്പോ ഏഴ് ശതമാനവുമാകും. കാല്‍ ശതമാനം വീതം വര്‍ധനവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പണപ്പെരുപ്പം ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ അര ശതമാനം വീതം ഉയര്‍ത്തുകയായിരുന്നു.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. ഒന്നര വര്‍ഷത്തിനിടെ ഇത് പതിനൊന്നാം തവണയാണ് റിസര്‍വ് ബാങ്ക്, നിരക്കുകള്‍ ഉയര്‍ത്തുന്നത്. റിപ്പോ നിരക്ക് 2008 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍.

നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ, വായ്പാഭാരം കൂടും. വ്യവസായ, ബാങ്കിങ് മേഖല ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. പലശനിരക്ക് ഉയരുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയെ ബാധിക്കും. ഉല്‍പ്പാദന മേഖലയെയും ഇത് ദോശകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമായിരിക്കുമെന്നാണ് റിസര്‍വ്വ് ബാങ്ക് കണക്കാക്കിയത്.