എഡിറ്റര്‍
എഡിറ്റര്‍
ആവര്‍ത്തിക്കപ്പെടുന്ന അടിയന്തിരാവസ്ഥ
എഡിറ്റര്‍
Tuesday 26th June 2012 3:33pm

എസ്സേയ്‌സ്/ഹരീഷ് വാസുദേവന്‍

അടിയന്തിരാവസ്ഥയുടെ വാര്‍ഷികമാണ് ഇന്ന്. സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം പോലെ ആഘോഷിക്കപ്പെടേണ്ട ഒന്നല്ല അടിയന്തിരാവസ്ഥയുടെ വാര്‍ഷികം എന്നറിയാം. എങ്കിലും സ്വാതന്ത്ര്യം പ്രസക്തമായിരിക്കുന്നതുപോലെ തന്നെയാണ് ഭരണകൂടം ഏര്‍പ്പെടുത്തുന്ന അസ്വാതന്ത്ര്യവും. ‘എന്നോ നടന്നയൊരു ജനാധിപത്യ ലംഘനത്തിന്റെ, ആ  ഇരുണ്ട യുഗത്തിന്റെ ഓര്‍മ്മയ്ക്ക്’ എന്ന നിലയ്ക്ക് അടിയന്തിരാവസ്ഥയുടെ വാര്‍ഷികം ചുരുക്കി കാണുന്നതില്‍ പിശകുണ്ട്. അടിയന്തിരാവസ്ഥ എന്നത് എന്നോ നടന്നത് എന്ന ഭൂതകാലത്തിലേക്ക് ചുരുക്കുമ്പോള്‍ വര്‍ത്തമാനകാല അപ്രാഖ്യാപിത അടിയന്തിരാവസ്ഥകള്‍ സൗകര്യപൂര്‍വ്വം നമുക്ക് മറക്കാന്‍ കഴിയുന്നു. വര്‍ത്തമാനത്തെ നിരീക്ഷിക്കാനും ഭാവിയെ മെച്ചപ്പെടുത്താനും ഉതകാത്ത ചരിത്ര പഠനവും ഭൂതകാല ഓര്‍മ്മകളും വ്യര്‍ത്ഥമാണ്. എന്താണ് അടിയന്തിരാവസ്ഥ?

ഇന്ത്യ റിപബ്ലിക് ആയപ്പോള്‍ ജനാധിപത്യ അവകാശങ്ങളില്‍ മിക്കവയും ഭരണഘടനാ പ്രകാരം മൗലികാവകാശങ്ങള്‍ ആയി മാറി. എന്നാല്‍ എല്ലാ മൗലികാവകാശങ്ങളെയും മരവിപ്പിച്ച് ഏകാധിപത്യം നടപ്പാക്കാമെന്ന് ആദ്യമായി തെളിയിച്ചത് അടിയന്തിരാവസ്ഥയോടെയാണ്. ഭരിക്കുന്നവന് പൊടുന്നനെ ഏകാധിപതിയുടെ സ്വഭാവം കൈവരുകയും ജനങ്ങള്‍ അന്നുവരെ അനുഭവിച്ചു പോന്ന മൗലികാവകാശങ്ങള്‍ ഭരണാധികാരി തന്നെ ലംഘിക്കുകയും ഇതിനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയും ചെയ്യുക എന്നതാണ് അടിയന്തിരാവസ്ഥയുടെ കെടുതിയെങ്കില്‍ അത് തന്നെയല്ലേ ഇന്നും പല രൂപത്തിലും നടക്കുന്നത്?

ആറന്മുളയില്‍ വിമാനത്താവളം ഉണ്ടാക്കാന്‍ വന്ന സ്വകാര്യ കമ്പനിക്ക് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ആറന്മുളയിലെ 1200 ഏക്കര്‍ ഭൂമി വ്യവസായമേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനം നടത്തിക്കൊടുത്ത വ്യവസായ വകുപ്പ് മന്ത്രി ചെയ്തത് എകാധിപത്യമല്ലേ? ആയിരത്തിലധികം കുടുംബങ്ങള്‍ ജനിച്ചു വളര്‍ന്നു ജീവിക്കുന്ന അവരുടെ മണ്ണും വീടും ജീവിതങ്ങളും കമ്പനിക്ക് തീറെഴുതുംപോള്‍ അവര്‍ക്ക് പറയാനുള്ളത് കേട്ടിരുന്നോ? വ്യവസായമെഖലാ വിജ്ഞാപനം അവരെ അറിയിക്കുകയെങ്കിലും ചെയ്തുവോ? ജീവിക്കുന്ന മണ്ണില്‍ ഒരു ദിവസം പൊടുന്നനെ അന്യനാവുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു തരം അടിയന്തിരാവസ്ഥയല്ലേ? ഇതിനെതിരായ നാട്ടുകാരുടെ പ്രതിഷേധം ഏതെങ്കിലും മാധ്യമങ്ങള്‍ അതര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടോ? ശബ്ദിക്കുന്ന നാവുകള്‍ക്ക് മേല്‍ അടിയന്തിരാവസ്ഥക്കാലത്ത് നിലനിന്നിരുന്ന അതേ തരം വിലക്കുകള്‍ പണക്കൊഴുപ്പിന്റെ പേരില്‍ അധികാരത്തിന്റെ പേരില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ?

വ്യവസായമേഖലാ പ്രഖ്യാപന നിയമം തന്നെ ജനാധിപത്യ വിരുദ്ധവും എകാധിപത്യപരവുമാണ്. ആരോടും ചോദിക്കാതെ, ജനകീയ തീരുമാനങ്ങള്‍ ഇല്ലാതെ ഏതൊരു ജനവാസ പ്രദേശവും വ്യവസായ മേഖലയാക്കി പ്രഖ്യാപിക്കാനും അത് മറ്റു നിയമങ്ങള്‍ ലംഘിച്ചു വാങ്ങിക്കൂട്ടാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാമെന്നും ഉള്ള നിയമം ഏതു തരത്തില്‍ നോക്കിയാലും എകാധിപത്യപരമാണ്. നിയമസഭയും ജനങ്ങളും ചര്‍ച്ച ചെയ്തു പാസാക്കിയ മറ്റു നിയമങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഭൂമിക്കുമേല്‍ സ്വകാര്യ വ്യക്തികള്‍ക്ക് പരമാധികാരം നല്‍കുന്ന ഏതൊരു നിയമവും അത്തരം തീരുമാനവും അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്.

വികസനത്തിന്റെ പേരില്‍ പാതിരാത്രിയില്‍ തങ്ങളുടെ വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികള്‍ മറ്റൊരു അടിയന്തിരാവസ്ഥയുടെ ഇരയല്ലേ? തങ്ങളുടെ വീടുകള്‍ പൊളിച്ചുകളഞ്ഞു തെരുവിലേക്ക് ഇറക്കപ്പെടുമ്പോള്‍ മറ്റു നിയമങ്ങളും സംവിധാനങ്ങളും ചോദ്യചിഹ്നമാകുന്നു. സ്വന്തം കൂരയ്ക്ക് കീഴെ അന്തിയുറങ്ങാനുള്ള മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തപ്പെടുന്നു. മാന്യതയോടെ ജീവിക്കാനുള്ള മൌലികാവകാശം ലംഘിക്കപ്പെടുന്നു.

നിങ്ങള്‍ വഴങ്ങിയെ തീരൂ. കാരണം അത് ലംഘിക്കുന്നത് ഭരണകൂടമാണ്. ഏതൊരു ഭൂമിയും എപ്പോള്‍ വേണമെങ്കിലും ഏറ്റെടുത്ത് അതിന്റെ ഉടമസ്ഥനെ പെരുവഴിയില്‍ ഇറക്കാനുള്ള അധികാരം ഭാരണാധികാരിയില്‍ നിക്ഷിപ്തമാക്കുന്ന ‘സ്ഥലം ഏറ്റെടുക്കല്‍ നിയമം’ അടിയന്തിരാവസ്ഥയുടെ ബാക്കിയല്ലെ?  വികസന പദ്ധതികള്‍ക്കായി കുടിയോഴിപ്പിക്കപ്പെടുന്നവന്റെ ജനാധിപത്യാവകാശങ്ങളും മൗലികാവകാശങ്ങളും സസ്‌പെന്‍ഡ് ചെയ്തും സര്‍ക്കാരിന് ഭൂമിയോഴിപ്പിക്കാം എന്ന നര്‍മദ കേസിലെ സുപ്രീംകോടതി വിധിയില്‍ നിങ്ങള്‍ അടിയന്തിരാവസ്ഥയുടെ മണിനാദം കേള്‍ക്കുന്നില്ലേ?  നോയിഡ എക്‌സ്പ്രസ് ഹൈവേക്കായി നൂറു കണക്കിന് പേരെ കുടിയൊഴിപ്പിച്ചു സ്ഥലം ഏകാധിപത്യപരമായി ഏറ്റെടുത്ത് കൂടിയ വിലയ്ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നവരില്‍ രാജ്യം ഭരിക്കുന്ന രാജകുമാരന്‍ രാഹുല്‍ ഗാന്ധി പോലുമുണ്ട് എന്നത് വിരോധാഭാസമാവും.

ബേക്കല്‍ ടൂറിസം പദ്ധതിക്കായി സര്‍ക്കാര്‍ ഒരു പ്രദേശം മുഴുവന്‍ ഒഴിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്ക് റിസോര്‍ട്ട് കച്ചവടത്തിന് മറിച്ച് വില്‍ക്കുകയാണ്. കുടിയിറക്കപ്പെടുന്ന ജനങ്ങള്‍ക്ക് മാന്യമായ പുനരധിവാസത്തിനുള്ള യാതൊരു മനുഷ്യാവകാശവും ഇല്ല. നഷ്ടപരിഹാരം കിട്ടിയാല്‍ കിട്ടി. ഇരകളുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ നാവ് കെട്ടിയിടുന്നില്ല എന്നതുമാണ് ഇത്തരം പുതിയകാല അടിയന്തിരാവസ്തകളെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ബേക്കലിന്റെ കാര്യത്തില്‍ ഇതിനും വിലക്കുണ്ട്. ഇന്ത്യയിലെ ആദ്യ ടൂറിസം സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആണ് ബേക്കല്‍. അവിടെ മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനമില്ല. നിയമലംഘനങ്ങള്‍ ഒപ്പിയെടുക്കാന്‍ ക്യാമറയുമായി വിലക്ക് ലംഘിച്ചു ചെല്ലുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് റിസോര്‍ട്ട് മാഫിയാ ഗുണ്ടകളുടെ മര്‍ദ്ദനമാണ് മറുപടി.

ഇന്ത്യയില്‍ ഒട്ടാകെയുള്ള നാനൂറോളം സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളില്‍ മറ്റൊരു സിവില്‍ നിയമങ്ങളും ബാധകമല്ല. ജനാധിപത്യ ഇന്ത്യയില്‍ അതൊരു ഏകാധിപത്യ ഇടമാണ്. അവിടെ നിത്യ അടിയന്തിരാവസ്ഥയാണ്. മുതലാളി പറയുന്നതാണ് നിയമം. ആവിഷ്‌കാര സ്വാതന്ത്ര്യം പടിക്ക് പുറത്താണ്. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. ഇതൊക്കെ ഓരോ രൂപത്തിലുള്ള അടിയന്തിരാവസ്ഥകള്‍ തന്നെയല്ലേ? നിയമത്തിന്റെ വാച്യാര്‍ത്ഥം മാത്രം നോക്കി ഇത്തരം കേസുകളില്‍ നീതി കശാപ്പു ചെയ്യുകയാണ് ജുഡീഷ്യറി ചെയ്യാറുള്ളതെന്നു അരുന്ധതി റോയി നിരന്തരം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മൂന്നാം എസ്‌റ്റേറ്റ് ആയ കോടതികള്‍ ഇതിനു കുടപിടിക്കുമ്പോള്‍ നാലാം എസ്‌റ്റേറ്റ് ആയ മാധ്യമങ്ങള്‍ ഇവയോട് സ്വീകരിക്കുന്ന നിലപാട് എന്താണ്?

പല രൂപത്തിലും ഭാവത്തിലും ആവര്‍ത്തിക്കപ്പെടുന്ന അടിയന്തിരാവസ്ഥകള്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം ആണ്. അവയെ ആ രൂപത്തില്‍ മനസിലാക്കി പ്രതികരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നില്ലെങ്കില്‍ ഇന്നേ ദിവസം അടിയന്തിരാവസ്ഥയുടെ ഓര്‍മ്മ നമ്മെ മറ്റെന്താണ് പഠിപ്പിക്കുന്നത്? ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ കാലത്തെ മാധ്യമ സ്വാതന്ത്ര്യം സത്യസന്ധമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും ഇന്ന് സ്വയം ചോദിച്ചു നോക്കണം.

Advertisement