വാഷിംഗ്ടണ്‍: വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണുമായി കൂടിക്കാഴ്ച നടത്തി. യുഎസ് വിദേശകാര്യ വകുപ്പിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ച ഈ വര്‍ഷം ഒടുവില്‍ നടത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ഇന്ത്യ-യു.എസ്. സൈനികേതര ആണവ കരാര്‍, ഇറാനുമേലുള്ള ഉപരോധം, പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സ്ഥിതിഗതികള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുടെ യു.എസ്. സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്.

വൈറ്റ് ഹൗസിലും ഉന്നത ഉദ്യോഗസ്ഥരുമായി രഞ്ജന്‍ മത്തായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സുമായും അദ്ദേഹം ചര്‍ച്ച നടത്തി. വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷമുള്ള രഞ്ജന്‍ മത്തായിയുടെ ആദ്യ യു.എസ്. സന്ദര്‍ശനമാണ് ഇത്.

വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ്, രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷോര്‍മന്‍, തെക്കന്‍ മധ്യ ഏഷ്യകള്‍ക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട് ബ്ലേക്ക് എന്നിവരുമായി രഞ്ജന്‍ മത്തായി ചര്‍ച്ച നടത്തി.

ഇറാനുള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളും താലിബാനുമായുള്ള സമാധാന ചര്‍ച്ചയും മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ,ഇറാനുമേല്‍ ചുമത്തിയിട്ടുള്ള ഉപരോധങ്ങള്‍ ആ രാജ്യത്തിന്റെ വാണിജ്യ പങ്കാളികളായ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുന്നതിനെപ്പറ്റിയും  ചര്‍ച്ചകളില്‍ വിഷയമായതായി യുഎസ് വിദേശകാര്യവക്താവ് വിക്‌ടോറിയ ന്യൂലാന്‍ഡ് പറഞ്ഞു.

സൈനികതന്ത്ര ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം ഈ വര്‍ഷം യു.എസ്. സന്ദര്‍ശിക്കുന്നുണ്ട്. ഇതിനുമുന്നൊരുക്കമായി സൈനികേതര ആണവക്കരാര്‍ സംബന്ധിച്ചും മത്തായി യു.എസ്. നയതന്ത്രജ്ഞരുമായി ചര്‍ച്ച നടത്തും.

വൈകിട്ട് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവു ഒരുക്കിയ വിരുന്നിലും ഇരുഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Malayalam News

Kerala News In English