മുംബൈ: 2012-ഓടെ ഇന്ത്യയില്‍ നാല് പുതിയ കാറുകളിറക്കുമെന്ന് റിനോള്‍ട്ട് ഇന്ത്യ. ഈ വര്‍ഷാവസാനം കോലിയോസ് സുവ് എന്ന പുതിയ മോഡലിറക്കും.

കോലിയോസ് സുവിന് 20 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില. ഹോണ്ട സി.ആര്‍-V, ഷെവര്‍ലെ കാപ്ടിവ തുടങ്ങിയ കാറുകളുമായിട്ടായിരിക്കും കോലിയോസിന് മത്സരിക്കേണ്ടി വരിക.

2013ല്‍ 2.5 ശതമാനം വിപണിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ 5 ശതമാനം വിപണിയുമാണ് തങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് റിനോള്‍ട്ട് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ലെന്‍ കുറാന്‍ പറഞ്ഞു. അദ്യ ഘട്ടത്തില്‍ 14 പ്രമുഖ നഗരങ്ങളിലായിരിക്കും കോലിയോസ് ഇറക്കുന്നത്. അടുത്ത ഘട്ടത്തില്‍ 30 നഗരങ്ങളില്‍ ഇറക്കുമെന്നും കുറാന്‍ വ്യക്തമാക്കി.

ഫ്രഞ്ച് കമ്പനിയായ റിനോള്‍ട്ട് എസ്.എയുടെ ഉപകമ്പനിയാണ് റിനോള്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയില്‍ ശക്തമായ സാനിദ്ധ്യം ഇതിനോടകം തന്നെ റിനോള്‍ട്ട് അറിയിച്ചിട്ടുണ്ട്.