Categories

കന്നഡയില്‍ താരങ്ങളും നിര്‍മ്മാതാക്കളും തമ്മില്‍ തല്ല്; രമ്യ പിണങ്ങിപ്പോയി

സിനിമാ മേഖലയില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴും ചെറിയ ഉരസലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ഉരസലുകളെ തുടര്‍ന്ന് ഒരു താരവും സിനിമ വിട്ട് പോയ ചരിത്രമുണ്ടായിട്ടില്ല. എന്നാല്‍ കന്നഡ സിനിമയിലെ മുന്‍നിര നായിക രമ്യ ആദ്യമായി അങ്ങനെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

‘ദണ്ഡം ദശഗുനം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലുണ്ടായ പ്രശ്ങ്ങളെതുടര്‍ന്നാണ് നടി സിനിമാരംഗത്തുനിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗണേഷാണ് കഥയിലെ വില്ലന്‍.

സംഭവം ഇങ്ങനെ: ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങിന് നടി എത്തിയില്ല. നടി പങ്കെടുക്കാത്തതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഗണേഷ് തന്റെ നിസഹാവസ്ഥ മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തി. ലോഞ്ചിന് മുമ്പ് രമ്യയ്ക്ക് മുഴുവന്‍ പ്രതിഫലവും നല്‍കിയിട്ടുണ്ടെന്നും എന്നിട്ടും രമ്യ ഓഡിയോ ലോഞ്ചിനെത്താതിരുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും ഗണേഷ് തുറന്നടിച്ചു.

ഇക്കാര്യങ്ങളറിഞ്ഞ് നടി താന്‍ സിനിമാ രംഗത്ത് നിന്ന് പിന്മാറുന്നതായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അറിയിക്കുകയായിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇനിയിത് താങ്ങാനാവില്ലെന്നും നടി മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. കന്നഡ ചലച്ചിത്രരംഗം പുരുഷന്‍മാരുടെ വിഹാരകേന്ദ്രമാണെന്നും തന്നെപ്പോലുള്ള സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.എന്നാല്‍ ഇതിനു മുമ്പുതന്നെ രമ്യ പിന്മാറുന്നത് വിവാഹം ലക്ഷ്യമിട്ടാണെന്ന് മാധ്യമങ്ങള്‍ കഥകളുണ്ടാക്കിയിരുന്നു.

ഗണേഷ് തനിക്ക് പണം തരാനുണ്ടായിരുന്നതിനാലാണ് ഓഡോയോ ലോഞ്ചില്‍ പങ്കെടുക്കാതിരുന്നതെന്നും സിനിമ നിര്‍മ്മിക്കാനായി പണം തികയാതെ വന്നപ്പോള്‍ തന്റെ കൈയ്യില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങിയിരുന്നതായും രമ്യ വെളിപ്പെടുത്തി. തന്റെ സുഹൃത്തിനോട് കടം വാങ്ങിയാണ് ഗണേഷിന് പണം നല്‍കിയത്. ഉടന്‍ തിരിച്ചുതരാമെന്ന് പറഞ്ഞ് വാങ്ങിയ പണം ഗണേഷ് തിരിച്ചുതന്നിട്ടില്ലെന്നും നടി പറയുന്നു.

തന്നോട് പണം വാങ്ങിയ ഗണേഷ് ഉടന്‍ തന്നെ മറ്റൊരു ചിത്രം നിര്‍മ്മിക്കുന്നു എന്ന് പ്രഖ്യാപിച്ചത് തന്നെ ഞെട്ടിച്ചുകളഞ്ഞു എന്ന് രമ്യ വെളിപ്പെടുത്തി. ഗണേഷിന്റെ അനിയന്‍ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹം നിര്‍മ്മിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യങ്ങള്‍ ചോദിക്കാനായി നടി ഗണേഷുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഫോണെടുത്തില്ലെന്നു നടി കുറ്റപ്പെടുത്തി.

ഇക്കാര്യങ്ങള്‍ അറിയിച്ച് താന്‍ ഫിലിം ചേമ്പറിന് നാല് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ഒരു കത്തിനും കൃത്യമായി മറുപടി ലഭിച്ചില്ല. കുറച്ചുദിവസങ്ങള്‍ക്കുശേഷം താന്‍ സിനിമ പ്രമോട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഗണേഷ് പരാതിപ്പെട്ടപ്പോഴാണ് അവര്‍ താനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നും നടി പറയുന്നു.

രമ്യയോട് ഗണേഷ് പണം വാങ്ങിയെന്ന് തെളിവുള്‍പ്പെടെ നടി നല്‍കിയപ്പോള്‍ ഗണേഷ് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പണം ഉടന്‍ തിരിച്ചുനല്‍കാമെന്ന് ഗണേഷ് വാക്കുനല്‍കുകയും ചെയ്തു. എന്നാല്‍ രമ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഫിലിംചേമ്പറിന്റെ തീരുമാനമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. രമ്യയെ വിലക്കിയത് വിഡ്ഢിത്തമാണെന്ന് പറഞ്ഞ് താരസംഘടനയുടെ നേതാവും മുതിര്‍ന്ന നടനുമായ അംബരീഷ് മുന്നോട്ടുവന്നിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.