മലയാള സിനിമയില്‍ ഇപ്പോള്‍ മാറ്റത്തിന്റെ കാലമാണ്. സൂപ്പര്‍സ്റ്റാറുകളെ മാത്രം ലക്ഷ്യവെച്ച് തിരക്കഥയെഴുതിയിരുന്നവര്‍ പുതുതലമുറയുടെ മാറ്റത്തിനനുസരിച്ച് മാറിത്തുടങ്ങി.

Ads By Google

നവാഗതര്‍ മലയാള സിനിമ കയ്യടക്കിയപ്പോള്‍ അനിവാര്യമായ മാറ്റവും നമ്മുടെ സിനിമയില്‍ പ്രകടമായി. നായകനും നായികയ്ക്കും പ്രാധാന്യം നല്‍കിയ മലയാള സിനിമ ഇന്ന് മറ്റൊരു പരീക്ഷണത്തിന് മുതിരുകയാണ്.

കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി അവരിലൂടെ കഥ മുന്നോട്ട് പോകുന്ന രീതിയിലാണ് റോജിന്‍ ഫിലിപ്പും ഷനില്‍ മുഹമ്മദും ആദ്യമായി സംവിധാനം ചെയ്യുന്ന റോബര്‍ട്ട് ബ്രിഗ്രോസ് മങ്കി പെന്‍ക എന്ന ചിത്രം കഥ പറയുന്നത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന റിയാന്റേയും കൂട്ടുകാരുടെയും കഥയാണ് ചിത്രം പറയുന്നത്. ജയസൂര്യയും രമ്യ നമ്പീശനുമാണ് സിനിമയില്‍ മാതാപിതാക്കളുടെ വേഷത്തില്‍ എത്തുന്നത്.

റിയാന്റെ സുഹൃത്തുക്കളായി അഭിനയിക്കുന്നത് മലയാള സിനിമയിലെ താരങ്ങളുടെ മക്കളാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ദ്രജിത്തിന്റെ മകളും ബാബു ആന്റണിയുടെ മകനും സുരാജ് വെഞ്ഞാറമ്മൂടിന്റെ മകനും എല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സാന്ദ്രാ തോമസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം രാഹുല്‍ സുബ്രഹ്മണ്യനാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് അവസാനം ആരംഭിക്കും.