കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റു ചെയ്തതിനു പിന്നാലെ ‘സത്യം ജയിക്കുന്നു’ എന്ന പ്രതികരണവുമായി നടി രമ്യാ നമ്പീശന്‍. ഫേസ്ബുക്കിലൂടെയാണ് രമ്യയുടെ പ്രതികരണം.

‘സത്യം ജയിക്കുന്നു. കൂട്ടുകാരിയോടൊപ്പം അവസാനം വരെ. ബിഗ് സല്യൂട്ട് ടു കേരളാ പൊലീസ്’ എന്നായിരുന്നു രമ്യയുടെ പ്രതികരണം.

തുടക്കം മുതല്‍ തന്നെ ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണയുമായി ഒപ്പം നിന്ന നടിയാണ് രമ്യാ നമ്പീശന്‍. അമ്മയില്‍ നടി ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ രമ്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇതിന് അവസരം നിഷേധിക്കുകയായിരുന്നു.

ചരിത്രപരമായ നിമിഷം എന്ന് രമ്യ അറസ്റ്റിനെ വിശേഷിപ്പിച്ചിരുന്നു. ‘ഇത് അവളുടെ വിജയമാണ്. പൊരുതാനുള്ള അവളുടെ തീരുമാനമാണ്. എന്തു തന്നെയായാലും ഞങ്ങള്‍ ഇപ്പോഴും അവള്‍ക്കൊപ്പമുണ്ട്. നീതി ലഭിച്ചതില്‍ എനിക്കു സന്തോഷമുണ്ട്.’ എന്നും രമ്യ പറഞ്ഞിരുന്നു.


Must Read: ‘മലപ്പുറത്ത് മാത്രമാണ് പച്ചമലയാളിയെ കാണാന്‍ കഴിയുക’; കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചാല്‍ എന്തു സംഭവിക്കുമെന്ന് മലപ്പുറത്ത് സേവനമനുഷ്ഠിച്ച സേതുരാമന്‍ ഐ.പി.എസ് പറയുന്നു


കഴിഞ്ഞദിവസം രഹസ്യകേന്ദ്രത്തിലേക്കു വിളിച്ചുവരുത്തി ദിലീപിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് സന്ധ്യയോടെ അറസ്റ്റു ചെയ്തത്. ഏറെ വിവാദങ്ങള്‍ക്കൊരുക്കിയ കേസിലെ അറസ്റ്റുവിവരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഇന്നലെ സ്ഥിരീകരിച്ചത്. തന്റെ ആദ്യവിവാഹബന്ധം തകര്‍ത്തതിലെ വ്യക്തിവൈരാഗ്യമാണു പ്രതികാരത്തിനു കാരണമെന്നു ദിലീപ് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ സംബന്ധിച്ച് 2013ലാണ് ദിലീപ് സുനില്‍കുമാറിനോടു പറഞ്ഞത്. എം.ജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ താരസംഘടനയായ അമ്മയുടെ പരിപാടി നടക്കുന്നതിനിടെയായിരുന്നു ദിലീപ് സുനിയോട് ഇക്കാര്യം സംസാരിച്ചത്. പണത്തിനു പുറമേ ദിലീപിന്റെ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിയെ സ്വാധീനിച്ചതെന്നാണ് പൊലീസ് പറയുന്നത്.