കൊച്ചി: പള്‍സര്‍ സുനിയുടെ അറസ്റ്റ് വൈകിയതില്‍ നടിക്ക് ആശങ്കയുണ്ടായിരുന്നതായി സുഹൃത്തും നടിയുമായ രമ്യാനമ്പീശന്‍. എന്നാള്‍ അയാള്‍ അറസ്റ്റിലാണെന്ന വാര്‍ത്ത അവള്‍ക്ക് ആശ്വാസമായെന്നും രമ്യാ നമ്പീശന്‍ പ്രതികരിച്ചു.

നീതി ലഭിക്കുന്നതുവരെ പോരാടാനാണ് അവള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് എല്ലാ പിന്തുണകളുമായി തങ്ങള്‍ സുഹൃത്തുക്കള്‍ അവള്‍ക്കൊപ്പം ഉണ്ടാകുമെന്നും രമ്യ പറഞ്ഞു.

സുഹൃത്തുക്കളും പൊതു സമൂഹവും അവള്‍ക്കൊപ്പം നിലയുറയ്ക്കുന്നതും അവള്‍ക്ക് ആശ്വാസം നല്‍കുന്നു. അത് അവളെ കൂടുതല്‍ ധൈര്യവതിയാക്കുന്നുണ്ടെന്നും രമ്യ പറഞ്ഞു.

സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നോ എന്ന കാര്യം ഈ ഒരവസരത്തില്‍ പറയുന്നില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം രമ്യയ്ക്കൊപ്പമാണ് നടി കഴിയുന്നത്

തനിക്കുണ്ടായ അനുഭവം മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി മാറണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായി വരികയാണെന്നും രമ്യ പറഞ്ഞു.