കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച ജസ്റ്റിസ് ബസന്തിനെ സര്‍ക്കാരിന്റെ സുപ്രിംകോടതി അഭിഭാഷക പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Ads By Google

ഒന്നരമാസം മുമ്പാണ് ഇദ്ദേഹത്തെ പാനലില്‍ ഉള്‍പ്പെടുത്തിയത്. ബസന്തിന്റെ ഈ പ്രസ്താവന അഭിഭാഷക പാനലില്‍ ഉള്‍പ്പെടുത്തിയ യു.ഡി.എഫ് സര്‍ക്കാരിനുള്ള പ്രത്യുപകാരമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

സര്‍ക്കാരിനു വേണ്ടി സുപ്രിംകോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന  ബസന്ത് സൂര്യനെല്ലി കേസില്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് ഈ കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കൂടി ബാധിക്കുമെന്നും കോടിയേരി പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യ വൃത്തിയാണ് നടത്തിയതെന്നും ഇത് ബലാത്സംഗം അല്ലെന്നുമുള്ള ബസന്തിന്റെ പരാമര്‍ശം വളരെ വിവാദമായിരുന്നു.

ഇതിനെതിരെ സംസ്ഥാനത്തൊട്ടാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.എന്നാല്‍ പിന്നീട് തലശ്ശേരിയില്‍ നടന്ന പരിപാടിക്കിടെ ഒളിക്യാമറ വെച്ച് തന്നെ കുടുക്കിയതാണെന്നും കേസില്‍ അത്തരമൊരു നിലപാടെടുക്കാനുണ്ടായ സാഹചര്യം സൗഹൃദസംഭാഷണത്തിനിടെ വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ബസന്തിന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.