എഡിറ്റര്‍
എഡിറ്റര്‍
എമേര്‍ജിങ് കേരളയിലെ വിവാദ പദ്ധതികള്‍ ഒഴിവാക്കാം: കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Tuesday 4th September 2012 1:10pm

തിരുവനന്തപുരം: എമേര്‍ജിങ് കേരളയിലെ വിവാദ പദ്ധതികള്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കാമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷവുമായി ഇനിയും ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ഏത് പ്രോജക്ട് വേണമെന്നും വേണ്ടെന്നും നിലപാട് എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ കേരളത്തില്‍ നിക്ഷേപ ക്യാമ്പയിന്‍ വേണ്ടെന്നും എമേര്‍ജിങ് കേരള പൂര്‍ണമായും ഉപേക്ഷിക്കണമെന്നുമുള്ള നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ അഭിപ്രായം രൂപീകരിച്ച് കൊണ്ട് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ. വികസനത്തിന് ആവശ്യമായ പദ്ധതികള്‍ വേണം. പ്രതിപക്ഷത്തെ ചിലര്‍ക്ക് പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യമുണ്ട്. വി.എസിന് തന്നോടുള്ള പ്രശ്‌നങ്ങള്‍ പദ്ധതിയുമായി കൂട്ടികുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് പരിശോധിച്ച് മുഖ്യമന്ത്രിയെ അക്കാര്യം ബോധ്യപ്പെടുത്താന്‍ വ്യവസായവകുപ്പ് തയാറാണ്. ഹരിത രാഷ്ട്രീയ എം.എല്‍.എമാര്‍ എമേര്‍ജിങ് കേരള വേണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. രാജ്യതാത്പര്യം മനസിലാക്കി പരിപാടിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അവര്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കരിമണല്‍ ഖനനം പോലുളളവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എമര്‍ജിങ് കേരള വേണ്ടെന്ന നിലപാട് അംഗീകരിക്കില്ല. എമര്‍ജിങ് കേരള ഭൂമി കച്ചവടം ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ വന്ന് കൊള്ളലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ വേണ്ടെന്ന്‌ വെയ്ക്കുന്നതില്‍ വിരോധമില്ല. അനിശ്ചിതത്വം നീക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement