chennithala

തിരുവനന്തപുരം: തന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് ചര്‍ച്ച നടന്നിരുന്നെന്നും എന്നാല്‍ അക്കാര്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

കേരളയാത്രയുടെ അവസാന ഘട്ടം വന്നപ്പോഴാണ് മന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതെന്നും അക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കിയതാണെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിയാവുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ നിയന്ത്രണത്തിലും നേതൃത്വത്തിലും ഉള്ള കാര്യമാണ് അതെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി.

Ads By Google

അനൗദ്യോഗികമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നുവെന്നത് വസ്തുതയാണെന്നും എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഇപ്പോള്‍ അതിന് ഒരു മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കെ.ബി ഗണേഷ് കുമാര്‍ രാജിവച്ചപ്പോഴാണ് താന്‍ മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഞാന്‍ ആരുടെയും പിന്നാലെ പോയിട്ടില്ല.  എങ്കിലും മന്ത്രിസ്ഥാനത്തെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉണ്ടായി. അതില്‍ എനിയ്ക്കും വിഷമമുണ്ട്. ഞാന്‍ കാരണം ഗവണ്‍മെന്റിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുയാണ്.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിക്കാന്‍ തയ്യാറല്ല. എനിയ്ക്ക് ഇതുവരെ ലഭിച്ച സ്ഥാനമാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ട് കിട്ടിയതല്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരു വിചാരിച്ചാലും തന്നെ ജനമനസുകളില്‍ നിന്ന് ഇറക്കിവിടാനാകില്ല. കരുണാകരനാണ് ഇരുപത്തിയേഴാം വയസില്‍ തന്നെ മന്ത്രിയാക്കിയത്. അന്ന് അദ്ദേഹത്തിന് തന്നിലുണ്ടായിരുന്ന വിശ്വാസം മൂലമാണ് അതിനു മുതിര്‍ന്നത്.

പിന്നീട് ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും തനിക്ക് ഏറെ അവസരങ്ങള്‍ നല്‍കി. അവരെ വഞ്ചിക്കാതെ, അവര്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് കഠിനാധ്വാനത്തിലൂടെ മുന്നോട്ടുപോയതിനാലാണ് തന്നെ തേടി കൂടുതല്‍ പദവികള്‍ വന്നത്.

ആരു വിചാരിച്ചാലും തന്നില്‍ അവര്‍ പുലര്‍ത്തിയ ആ വിശ്വാസം തകര്‍ക്കാന്‍ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് എന്ന പദവി മന്ത്രിസ്ഥാനത്തേക്കാള്‍ മുകളിലാണെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകും. കോണ്‍ഗ്രസില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ അനുവദിക്കില്ല. സമുദായ സംഘടനകളുടെ അഭിപ്രായം കേള്‍ക്കുകയും അവരുടെ പരിഗണിക്കാവുന്ന ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യും.

സമുദായ സംഘടനകളെ കോണ്‍ഗ്രസ് എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് കാര്യം. കോണ്‍ഗ്രസിന് എല്ലാവരുടേയും കാര്യങ്ങള്‍ നോക്കണം.

സുകുമാരന്‍ നായര്‍ക്കെതിരേ ആലപ്പുഴ ഡി.സി.സി പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഡി.സി.സിക്ക് പ്രമേയം പാസാക്കാനുള്ള അധികാരമുണ്ടന്നും അവര്‍ അത് അയച്ചുതന്നിരുന്നതായും ചെന്നിത്തല പറഞ്ഞു.

ഒരു സമുദായ സംഘടന അവരുടെ വിഭാഗത്തെ കുറിച്ച് മാതമേ പറയു. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്ന് നോക്കി മാത്രമേ കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ.

സമുദായ സംഘനടകളെ കോണ്‍ഗ്രസ് ഒരിക്കലും പരിഗണിക്കാതിരുന്നില്ല. അവര്‍ കൂടി ഉള്‍പ്പെടുന്നതാണ് പാര്‍ട്ടിയെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും തൃപ്തിയാണല്ലോയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് എല്ലാവരെയും ഒന്നിപ്പിച്ച് തന്നെ കോണ്‍ഗ്രസ് മുന്നോട്ട്‌പോകുമെന്നും ചെന്നിത്തല പറഞ്ഞു.