Categories

രവീന്ദ്രനെ ഓര്‍ക്കുമ്പോള്‍

chintha ravi

ഉമേഷ്ബാബു കെ.സി

കേരളം കണ്ടിട്ടുള്ള മൗലികരായ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ ഏറ്റവും പ്രമുഖനായ ഒരാളായിരുന്നു ശ്രീ രവീന്ദ്രന്‍. സിനിമ ഉള്‍പ്പെടെയുള്ള ദൃശ്യകലാ വിനിമയങ്ങളെ മാര്‍ക്‌സിസ്റ്റുകള്‍ എങ്ങിനെയാണ് തിരിച്ചറിയേണ്ടത് എന്നത് സംബന്ധിച്ച് ഉള്‍ക്കാഴ്ച നിറഞ്ഞ സവിശേഷമായ ഒരു വിമര്‍ശന സരണി അദ്ദേഹം മലയാളത്തില്‍ സൃഷ്ടിക്കുകയുണ്ടായി.

മുമ്പൊക്കെ വളരെ ഭാഗികവും ഉപരിപ്ലവവുമായി മാത്രം നടന്നുകൊണ്ടിരുന്ന മാര്‍ക്‌സിയന്‍ ദൃശ്യകലാ വിമര്‍ശന പ്രവര്‍ത്തനങ്ങളെ ബലിഷ്ഠമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് പൂര്‍ണ്ണമായും നവീകരിച്ചത് ശ്രീ രവീന്ദ്രനായിരുന്നു. സിനിമാ വിമര്‍ശനത്തില്‍ അദ്ദേഹം സൃഷ്ടിച്ചുവെച്ച രീതിശാസ്ത്രത്തെ പിന്‍പറ്റുന്ന പ്രവര്‍ത്തനമല്ലാതെ മലയാളത്തിലെ പുതിയ തലമുറയിലെ വിമര്‍ശകര്‍ക്ക് പോലും പുതുതായി ഒന്നും ഇനിയും ചെയ്യാന്‍ സാധിച്ചിട്ടില്ല.

തന്റെ യൗവ്വനത്തില്‍ ചിന്തയിലെ പത്രപ്രവര്‍ത്തകനായിരുന്നു കൊണ്ട് ചെഗുവേര തൊട്ട് ഇങ്ങോട്ടുള്ള പുതിയ കാലത്തെ സാര്‍വ്വദേശീയ മാര്‍ക്‌സിസ്റ്റ് വിപ്ലവകാരികളെയും എഴുത്തുകാരനെന്ന നിലയിലുള്ള അവരുടെ സംഭാവനകളെയും കേരളത്തിന് പരിചയപ്പെടുത്തുന്നതില്‍ രവീന്ദ്രന്‍ വഹിച്ച പങ്ക് ചരിത്രപരം തന്നെയായിരുന്നു.

വളരെ ചുരുങ്ങിയ എണ്ണമേയുള്ളൂവെങ്കിലും ‘ഓരോ തൂവല്‍പക്ഷി’ തുടങ്ങിയ രവീന്ദ്രന്‍ സിനിമകള്‍ അധികമൊന്നും അംഗീകരിക്കപ്പെടുകയുണ്ടായില്ലെങ്കിലും അവ മലയാളത്തിലെ അപൂര്‍വ്വമായ ഒരു ഇടതുപക്ഷ സൗന്ദര്യബോധം സൃഷ്ടിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളായിരുന്നു. അതുപോലെ നരവംശ ശാസ്തരപരവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ സൂക്ഷമമായ ഉള്‍ക്കാഴ്ചകളോടെ രവീന്ദ്രന്‍ എഴുതിയിട്ടുള്ള യാത്രാവിവരണ ഗ്രന്ഥങ്ങള്‍ മനുഷ്യവംശത്തെക്കുറിച്ചുള്ള ഗംഭീരങ്ങളായ അവതരണങ്ങളായിരുന്നു. ഒരുപക്ഷെ എസ്.കെ പൊറ്റക്കാടിന് ശേഷം യാത്രാവിവരണ സാഹിത്യത്തെ ഇത്രയ്ക്ക് ഉജ്ജ്വലവും ഉയര്‍ന്നതുമായ ഒരു ഉള്ളടക്കത്തിലെത്തിച്ച മറ്റൊരു സഞ്ചാരിയും എഴുത്തുകാരനും രവീന്ദ്രനെപ്പോലെ മലയാളത്തിലുണ്ടായിട്ടില്ല.

കേരളത്തിലെ ടെലിവിഷന്റെ ആദ്യകാലത്ത് ‘എന്റെ കേരളം’ എന്ന പരിപാടിയിലൂടെ കേരളത്തെ അടിമുടി ദൃശ്യവത്കരിക്കാന്‍ രവീന്ദ്രന്‍ നടത്തിയ ശ്രമവും അപൂര്‍വ്വ മനോഹരമായിരുന്നു. ഒരുപക്ഷെ സത്യസന്ധനായ ഒരു മാര്‍ക്‌സിസ്റ്റായിരുന്നതിനാല്‍ മുഖ്യധാരയുടെ തിരസ്‌കാരം ഒരുപാട് നേരിട്ടിരുന്നുവെങ്കിലും രവീന്ദ്രന്റെ മരണം കേരളത്തിന്റെ ചിന്തയുടെയും സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങളുടെയും ലോകത്ത് ഉണ്ടാക്കിത്തീര്‍ക്കാന്‍ പോകുന്ന ശൂന്യത പകരം വെക്കുക എളുപ്പമല്ലാത്ത ഒന്നാണെന്ന് ഉറപ്പിച്ചു പറയാം.

One Response to “രവീന്ദ്രനെ ഓര്‍ക്കുമ്പോള്‍”

  1. Manojkumar

    സിനിമ രംഗത്തെ രവി സാറിന്റെ ഇടപെടലുകള്‍ എന്നെപോലുള്ളവരെ ഏറെ ഇടതോട്ടു തിരിക്കാന്‍ പര്യപ്തമയിട്ടുന്ടെന്നത് വളരെ അഭിമാന പൂര്‍വ്വം ഇത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.