Categories

നുതാന്‍, അഭിനയത്തിന്റെ പര്യായം

നുതാന്‍, ബോളീവുഡിനൊരിക്കലും മറക്കാനാവാത്ത നാമം. അന്‍പതുകളില്‍ ബോളീവുഡിലെത്തി രണ്ടു പതിറ്റാണ്ടോളം ഹിന്ദി ചലച്ചിത്രത്തെ തന്റെ അഭിനയ മികവുകൊണ്ട് ഞെട്ടിക്കുകയായിരുന്നു നുതാന്‍.നുതാന്റെ കഴിവിന് അംഗീകാരമെന്നോണം അഞ്ച് തവണ ഫിലിം ഫെയര്‍ അവാര്‍ഡ് ഈ നടിയെ തേടിയെത്തിയിട്ടുണ്ട്.

സംവിധായകന്‍ കുമാര്‍സെന്‍ സാമ്രാട്ടിന്റെയും നടി ശോഭനാ സാമ്രാട്ടിന്റെയും മകളായി നുതാന്‍ ജനിച്ചു.

പതിനാലാം വയസ്സില്‍ ശോഭനാ സാമ്രാട്ട് നിര്‍മിച്ച ‘ഹമാരി ബേട്ടി’ എന്ന ചിത്രത്തിലൂടെ നുതാന്‍ ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ചു. അതിനുമുന്‍പ് നള ദമയന്തി എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ നുതാനെത്തിയിരുന്നു.

‘സീമ’, ‘പെയിങ് ഗസ്റ്റ്’, ‘അനാരി’, ‘ദേവി’, ‘ബന്ധിനി’ തുടങ്ങിയ ചിത്രങ്ങളെ മികച്ചതാക്കിയതില്‍ നുതാന്റെ അഭിനയ മികവ് വിസ്മരിക്കാന്‍ കഴിയാത്തതാണ്.

ബന്ധിനിയിലെ നുതാന്റെ പ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. നുതാന്റെ വിജയം നുതാന്റെ കണ്ണുകളായിരുന്നു. ഇത്രയും എക്‌സ്പ്രസ്സീവായ മിഴികളുള്ള നടി ബോളീവുഡില്‍ പിന്നീടുണ്ടായില്ല.

ചെറുപ്പകാലത്ത് തന്നെ പാട്ടും ഡാന്‍സും അഭ്യസിച്ച നുതാന്‍ നടനം ജന്മവാസനയായിരുന്നു. രണ്ടരവയസ്സുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ച നുതാന് നൃത്തം ജീവനായിരുന്നു. ഗായികയായും തിളങ്ങാന്‍ നുതാന് കഴിഞ്ഞിട്ടുണ്ട്.

1952 മിസ് ഇന്ത്യയായ നുതാന്‍ സൗന്ദര്യത്തിന്റെ പ്രതീകം തന്നെയായിരുന്നു. ഗായികയും, നര്‍ത്തകിയും നടിയുമൊക്കെയായ നുതാന്‍ വിവാഹത്തിനുശേഷം അഭിനയത്തില്‍ നിന്നു വിട്ടുതിന്നു. പക്ഷേ അഭിനയത്തെ പാടേ ഉപേക്ഷിക്കാന്‍ ഈ നടിയ്ക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മയായ ശേഷം നുതാന്‍ വീണ്ടും സിനിമയിലേക്കു മടങ്ങിവന്നു.

1991 ക്യാന്‍സര്‍ നുതാന്റെ ജീവനെ കാര്‍ന്നുതിന്നപ്പോഴും ഈ നടി വേദനിച്ചിട്ടുണ്ടാവില്ല. കാരണം നുതാന്‍ ഉപാസിച്ച കലയുടെ ലോകത്തുനിന്നും നുതാനെ കൊണ്ടുപോകാന്‍ ഒരു ക്യാന്‍സറിനുമാകില്ലെന്നിവര്‍ക്കറിയാം.

നുതാനെയും നുതാന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളെയും ബോളീവുഡ് ഒരിക്കലും മറക്കില്ല. അതുകൊണ്ടല്ലെ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നുതാന്റെ കഥാപാത്രങ്ങളെ സിനിമാപ്രേമികള്‍ ഇപ്പോളും അത്ഭുതത്തോടെ ഓര്‍ക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.