rema2

ആലപ്പുഴ: കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും പോലെ കോര്‍പ്പറേറ്റുകളുടെ താത്പ്പര്യസംരക്ഷകരായി മാറിയ കപട ഇടതുമുന്നണിയുടെ കാലം കഴിഞ്ഞുവെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.രമ. ഇടതുമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ ഇടതുപക്ഷ ഐക്യമുന്നണിയാണ് ഇന്ന് നിലവില്‍ വന്നിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.പി കൂടി പോയതോടെ എല്‍.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെ വരെ ഇടതുമുന്നണിയില്‍ നിന്ന ആര്‍.എസ്.പിക്ക് ഒറ്റ രാത്രികൊണ്ട് യു.ഡി.എഫ് പാളയത്തില്‍ ചേക്കേറുവാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. അപ്പോള്‍ അവര്‍ക്ക് എന്തു ഇടതുപക്ഷ രാഷ്ട്രീയമാണ് ഇതുവരെ ഉണ്ടായിരുന്നത്? കെ.കെ രമ ചോദിച്ചു.

ആര്‍.എം.പി, എസ്‌യു.സി.ഐ(കമ്മ്യൂണിസ്റ്റ്), എം.സി.പി.ഐ(യു) പാര്‍ട്ടികള്‍ സംയുക്തമായി രൂപീകരിച്ച ഇടതുപക്ഷഐക്യമുന്നണിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

തൊഴിലാളിവര്‍ഗത്തിന്റെയും സാധാരണക്കാരുടെയും അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരശക്തിയായിരിക്കും ഇടതുപക്ഷ ഐക്യമുന്നണി.ഇതൊരു തെരഞ്ഞെടുപ്പ് മുന്നണിയല്ല, സമരമുന്നണിയാണ്. എല്ലാ ജനകീയസമരങ്ങളുടെയും മുന്‍നിരയില്‍ ഈ ഐക്യമുന്നണിയുണ്ടാകുമെന്നും രമ വ്യക്തമാക്കി.

ഭരണകൂടത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷ നയങ്ങളുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നു.

ഭരണവര്‍ഗത്തിനെതിരെയുള്ള സമരങ്ങളുടെ കൂടെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ കപടതയും ജനങ്ങളുടെ മുമ്പില്‍ തുറന്നു കാണിച്ചുകൊണ്ട്് മാത്രമേ ബദല്‍ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്നും രമ പറഞ്ഞു.

ജനങ്ങളെയും തൊഴിലാളികളെയും ചൂഷണം ചെയ്യുന്ന വ്യവസ്ഥക്കെതിരെ പോരാടുകയും ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് കണ്‍വെന്‍ഷന്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

rmp

അഴിമതിയുടെ സ്ഥാപനവല്‍ക്കരണത്തിനും രാഷ്ട്രീയ കടന്നാക്രമണങ്ങള്‍ക്കുമെതിരെ പോരാട്ടങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ജീര്‍ണ്ണത പൂര്‍ണ്ണമായതോടെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുവാനും ബദല്‍ ഇടതുപക്ഷ നയങ്ങള്‍ മുന്നോട്ട് വക്കുവാനും സാധിക്കണം.

ഇന്ത്യന്‍ വര്‍ത്തമാനം ആവശ്യപ്പെടുന്നത് പുതിയ ഇടതുപക്ഷ ബദലിനെയാണെന്നും നയപ്രഖ്യാപനത്തിലൂടെ എം.സി.പി.ഐ(യു) സംസ്ഥാന സെക്രട്ടറി എം.രാജന്‍
വ്യക്തമാക്കി.

എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു.   സി.പി.ഐ(എം) ഒരു ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് വഴിമാറുകയാണെന്നും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നന്ദിഗ്രാമിലും സിംഗൂരിലും ടി.പി.ചന്ദ്രശേഖരന്റെ വധത്തിലുമൊക്കെ കാണുന്നതെന്നും കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച സമരപ്രഖ്യാപന പ്രമേയത്തില്‍ പറഞ്ഞു.

ആഗോളീകരണ നയങ്ങള്‍ക്കും സോഷ്യല്‍ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരെ നിരന്തരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനമെടുത്തു.

കേരളസമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുകയും നവോത്ഥാനമൂല്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യണം. അതിനായി ജനങ്ങളുടെ വിപുലമായ സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

എന്‍.വേണു, ടി.എല്‍.സന്തോഷ്, കെ.എസ്.ഹരിഹരന്‍, ഡോ.വി.വേണുഗോപാല്‍, ജി.എസ്.പത്മകുമാര്‍, ജയ്‌സണ്‍ ജോസഫ്, കെ.ആര്‍.സദാനന്ദന്‍, ടി.എസ്.നാരായണന്‍ മാസ്റ്റര്‍, കെ.ഭാസ്‌ക്കരന്‍, ഡോ.ഡി.സുരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

കെ.എസ്.ഹരിഹരന്‍ (ആര്‍.എം.പി) ചെയര്‍മാനായും കെ.ആര്‍ സദാനന്ദന്‍ (എം.സി.പി.ഐ(യു)) വൈസ് ചെയര്‍മാനായും ഡോ.വി.വേണുഗോപാല്‍ (എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)) കണ്‍വീനറായുമുള്ള ഇടതുപക്ഷ ഐക്യമുന്നണിയുടെ പന്ത്രണ്ടംഗ സംസ്ഥാനകമ്മിറ്റിയെ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. 18 മണ്ഡലത്തില്‍ എല്‍.യു.എഫ് മത്സരിക്കും. വയനാട്, മലപ്പുറം മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രരെ പിന്തുണയ്ക്കുമെന്നും കണ്‍വെന്‍നില്‍ തീരുമാനമെടുത്തു.