കോഴിക്കോട്: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടില്‍ വി.എസ് അച്ച്യുതാനന്ദനെതിരെയുള്ളത് ഒറ്റവരി പരാമര്‍ശം മാത്രം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്ന് വി.എസ് അച്ച്യുതാനന്ദനെ പി.ബിയില്‍ നിന്ന് പുറത്താക്കിയെന്ന ഒറ്റവരി പരാമര്‍ശമാണിത്. വി.എസിനെ പി.ബിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്യുകയെന്ന സ്വാഭാവിക നടപടി മാത്രമാണിത്.

എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വി.എസിനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലും വി.എസിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടാകുമെന്ന് നേരത്തെ ബോധപൂര്‍വ്വമായ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഡൂള്‍ന്യൂസിന് ലഭിച്ച സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പോളിറ്റ്ബ്യൂറോ എന്ന തലക്കെട്ടിന് താഴെ നല്‍കിയ പാരഗ്രാഫില്‍ 19ാം പാര്‍ട്ടി കോണ്‍ഗ്രസ് 15 അംഗ പോളിറ്റ്ബ്യൂറോ അംഗങ്ങളെ തിരഞ്ഞെടുത്തതായി പറയുന്നു. പി.ബി അംഗങ്ങളുടെ പേരും നല്‍കിയിട്ടുണ്ട്. ജ്യോതി ബസുവിന്റെ അനാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവാക്കാന്‍ തീരുമാനിച്ചു. 2010 ജനുരി 17ന് ജ്യോതിബസുവും 2011 ഓഗസ്റ്റ് 20ന് എം.കെ പാന്ഥെയും അന്തരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് അടുത്ത വാചകമായിട്ടാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വി.എസ് അച്ച്യുതാനന്ദനെ പുറത്താക്കിയെന്ന ഒറ്റവരി പരാമര്‍ശമുള്ളത്.

സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വി.എസ് അച്ച്യുതാനന്ദനെതിരെ രൂക്ഷമായ വിമര്‍ശനമാണുണ്ടായിരുന്നത്. മുഖ്യമന്ത്രിയായിരിക്കെ
പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് വി.എസ് അച്ച്യുതാനന്ദനില്‍ നിന്നുണ്ടായതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ ചുവടു പിടിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് വി.എസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് പൊതു ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടത് വിവാദമാവുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനത്തെ വി.എസ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പി.ബി റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ വാങ്ങി പരിശോധിക്കുകയായും വി.എസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ സമ്മേളനം നിര്‍ത്തിവെക്കണമെന്ന് പോലും പി.ബി നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വി.എസിനെതിരെയുള്ള പരാമര്‍ശം ഒഴിവാക്കുകയല്ല മയപ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു പാര്‍ട്ടി ഔദ്യോഗിക നിലപാട്.

 

ലൈംഗിക പീഡനവും അഴിമതിയും വര്‍ധിക്കുന്നു;പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട് ഡൂള്‍ന്യൂസിന്

Malayalam News

Kerala News in English