എഡിറ്റര്‍
എഡിറ്റര്‍
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി
എഡിറ്റര്‍
Thursday 31st January 2013 10:52am

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനകേസില്‍ അറസ്റ്റിലായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി.

ഫെബ്രുവരി 14 വരെയാണ് കസ്റ്റഡി നീട്ടിയത്. പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം മറ്റ് പ്രതികളുടേയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.

Ads By Google

നിലവില്‍ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലാണ് ജഗന്‍. ജഗന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ആന്ധ്ര ഹൈക്കോടതി തള്ളിയിരുന്നു. സി.ബി.ഐ അന്തിമ കുറ്റപത്രം നല്‍കിയ ശേഷമേ ജഗന് ജാമ്യം അനുവദിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ അടുത്തിടെ സുപ്രീം കോടതിയും തള്ളിയിരുന്നു. ജാമ്യാപേക്ഷ ആന്ധ്രാപ്രദേശ് ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ജഗന്‍മോഹന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ മെയ് 27 നാണ് ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.  43,000 കോടി രൂപയുടെ സാമ്പത്തിക തിരിമറികളാണ് ജഗന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

ജഗന്റെ കമ്പനികളിലെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചു. എന്നാല്‍ തന്നെ കുടുക്കാനായി കെട്ടിച്ചമച്ച കേസാണ് ഇതെന്നും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ജഗന്റെ വാദം.

2013 മാര്‍ച്ച് 31 നകം കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement