തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ സ്ത്രീ സംവരണം പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി.

Ads By Google

ദേവസ്വം ബോര്‍ഡുകളില്‍ സ്ത്രീ സമൂഹത്തെ പ്രതിനിധീകരിച്ച് ഒരു വനിതയെങ്കിലും ഉണ്ടാകണമെന്ന മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കുന്നുവെന്നും സ്ത്രീകള്‍ക്കുള്ള സംവരണം റദ്ദാക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പി.കെ.ശ്രീമതി വ്യക്തമാക്കി.

കേരളീയ സമൂഹം ഇത് അപലപിക്കേണ്ടതാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പല മേഖലകളിലും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.

ഇത് കടുത്ത അനീതിയാണെന്നും സര്‍ക്കാര്‍ സ്ത്രീകളോട് വിവേചനം കാണിക്കരുതെന്നും ശ്രീമതി പറഞ്ഞു. ഈ തെറ്റ് തിരുത്തി വീണ്ടും സ്ത്രീകള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ സംവരണം നല്‍കണം. ഗവണ്‍മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ കേരളത്തിലെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പി.കെ.ശ്രീമതി അഭ്യര്‍ത്ഥിച്ചു.