കമലിന്റെ ‘നമ്മളി’ല്‍ നായകനായെത്തിയ ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥ് അച്ഛന്റെ സിനിമകള്‍ റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ഭരതന്‍ സംവിധാനം ചെയ്ത് ‘നിദ്ര’ എന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ട് വീണ്ടും സിനിമയിലേക്ക് മടങ്ങിവരാനാണ് സിദ്ധാര്‍ത്ഥിന്റെ തീരുമാനം.

‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിയ നടന്‍ ഭരത്താണ് നിദ്രയില്‍ നായകനായെത്തുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. വിനു കിരിയത്താണ് നിദ്രയുടെ റീമേക്കിന് തിരക്കഥയൊരുക്കുന്നത്. വേണുഗോപാലാണ് ഛായാഗ്രാഹകന്‍. ഭരതന്‍ സംവിധാനം ചെയ്ത നിദ്രയില്‍ വിജയ്‌മേനോനും ശാന്തികൃഷ്ണയുമായിരുന്നു നായകനും നായികയും.

‘നമ്മളി’ല്‍ മികച്ച പ്രകടനം കാഴ്ചവച്ച സിദ്ധാര്‍ത്ഥ് ‘യൂത്ത് ഫെസ്റ്റിവല്’‍, ‘കാക്കകറുമ്പന്’‍, ‘രസികന്‍’ തുടങ്ങിയചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാല്‍ ഇവ അത്ര വിജയം കണ്ടില്ല. ജയരാജിന്റെ സംവിധാന സഹായിയായി ആയും സിദ്ധാര്‍ത്ഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആസിഫ് അലിയെയും ശ്രുതി മേനോനെയും ജോഡികളാക്കി ഒരുചിത്രം സംവിധാനം ചെയ്തുവെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. പുതിയ ചിത്രത്തിലൂടെ അച്ഛന്റെ പാതയില്‍ എത്താമെന്ന വിശ്വാസത്തിലാണ് സിദ്ധാര്‍ഥ്.