എഡിറ്റര്‍
എഡിറ്റര്‍
ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ആവശ്യമില്ല; കര്‍ഷക ആത്മഹത്യയ്ക്ക് കാരണം ആത്മീയതയുടെ കുറവെന്നും ശ്രീ ശ്രീ രവിശങ്കര്‍
എഡിറ്റര്‍
Saturday 29th April 2017 1:24pm

മുംബൈ: മുംബൈ: മതപരമായ സ്ഥലങ്ങളില്‍ ഉച്ചഭാഷിണി ആവശ്യമില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഹൃദയത്തില്‍ നിന്ന് വരുന്ന പ്രാര്‍ത്ഥനയാണെങ്കില്‍ അത് നേരിട്ട് ദൈവത്തിനടുത്തെത്തുമെന്നും രവിശങ്കര്‍ പറയുന്നു. ബാങ്കുവിളിയുമായി ബന്ധപ്പെട്ട് സോനു നിഗമിന്റെ ട്വീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രവിശങ്കറിന്റെ മറുപടി

കര്‍ഷക ആത്മഹത്യയിലേക്ക് നയിക്കുന്നതിന്റെ പ്രധാന ഘടകം ആത്മീയതയുടെ അഭാവമാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ 512 ഗ്രാമങ്ങളിലായി നടത്തിയ പാദയാത്രയില്‍ നിന്നു മനസിലായത്, കര്‍ഷക ആത്മഹത്യക്ക് പിന്നിലെ അടിസ്ഥാനപരമായ കാരണം, ദാരിദ്ര്യം മാത്രമല്ല, ആത്മീയതയുടെ അഭാവമാണെന്നാണ്.

അതിനാല്‍, ആത്മീയതയുടെ പാതയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയത കര്‍ഷകരിലേക്ക് എത്തിക്കണമെന്നാണ് തന്റെ അപേക്ഷയെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും മറ്റു പ്രദേശങ്ങളിലുമുള്ള കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രവിശങ്കറിന്റെ മറുപടി. കര്‍ഷകരുടെ ഇടയില്‍ ആത്മഹത്യാ പ്രവണത ഒഴിവാക്കാന്‍ യോഗയും പ്രാണായാമവും അത്യന്താപേക്ഷിതമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

മുത്തലാഖിനെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിന് മുത്തലാഖ് ഉടന്‍ നിരോധിക്കണമെന്ന് പറയില്ലെന്നും എന്നാല്‍ അവരുടെ മുസ്‌ലീം നേതാക്കള്‍ തീര്‍ച്ചയായും ഒരു പരിഹാരം കണ്ടെത്തണമെന്നുമായിരുന്നു രവിശങ്കറിന്റെ മറുപടി.
യമുന നദിയുടെ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്നുമായിരുന്നു രവിശങ്കറിന്റെ പ്രതികരണം.

ആര്‍ട്ട് ഓഫ് ലിംവിംഗ് യമുനാ തീരത്ത് നടത്തിയ സാംസ്‌കാരിക സംഗമത്തെ തുടര്‍ന്ന് തീരം നശിപ്പിയ്ക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ രവിശങ്കറിന് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ രവിശങ്കര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു.

ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയിട്ടാണ് യമുനാതീരത്ത് ആര്‍ട്ട് ഓഫ് ലിംവിംഗ് പരിപാടി നടത്തിയതെന്നും അത് കൊണ്ട് തീരത്തിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ട്രൈബ്യൂണലും സര്‍ക്കാരും തന്നെയാണെന്നായിരുന്നു രവിശങ്കര്‍ പറഞ്ഞത്.

രവിശങ്കറിന്റെ പ്രസ്താവനയ്ക്ക് എതിരെ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ സ്വതന്തര്‍ കുമാര്‍ രംഗത്തെത്തുകയും ചെയ്തു. തോന്നുന്നതെന്തും വിളിച്ച് പറയാമെന്നാണോ രവിശങ്കര്‍ വിചാരിച്ചിരിയ്ക്കുന്നത് എന്നാണ് ഹര്‍ജി പരിഗണിയ്ക്കവേ ട്രൈബ്യൂണല്‍ ചോദിച്ചത്.

Advertisement