Administrator
Administrator
മതാധിപത്യം വരുന്ന ഗൂഢമാര്‍ഗ്ഗങ്ങള്‍
Administrator
Friday 17th February 2012 9:32am

വര്‍ഗീയതയുടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍

എസ്സേയ്‌സ് / ഒ.കെ ജോണി

രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലെ പ്രകടമായ വര്‍ഗ്ഗീയപ്രീണനത്തിനു മുതിരുവാന്‍ സമീപകാലംവരെ മലയാളമാദ്ധ്യമങ്ങള്‍ക്ക് അല്‍പ്പമെങ്കിലും സങ്കോചമുണ്ടായിരുന്നു. ഇപ്പോള്‍ ആ സങ്കോചമില്ലാതായെന്നു മാത്രമല്ല, മതാനുയായികളുടെ മതഭ്രാന്തുകളെയും വര്‍ഗ്ഗീയതയെയും ഉദ്ദീപിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നേടാന്‍ തക്കം പാര്‍ത്തിരിക്കുകയുമാണ് പാര്‍ട്ടികളെപ്പോലെ മാദ്ധ്യമങ്ങളും.

വര്‍ഗ്ഗീയതക്കെതിരെ ഉദ്‌ബോധനപ്രസംഗമെഴുതിക്കൊണ്ടുതന്നെ വ്യാജവാര്‍ത്തകളിലുടെയും ദുര്‍വ്യാഖ്യാനങ്ങളിലൂടെയും വര്‍ഗ്ഗീയതയെ ഊതിക്കത്തിക്കുവാനും ഈ മാദ്ധ്യമങ്ങള്‍ക്കറിയാം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ‘തിരുവത്താഴചിത്ര വിവാദം.’

മാദ്ധ്യമങ്ങള്‍ മതവികാരങ്ങളെ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്നതെങ്ങിനയെന്നതിന്റെകൂടി ഉദാഹഹരണമാണിത്. ക്രിസ്തീയ സഭകളുടെ സങ്കുചിത മതരാഷ്ട്രീയത്തിന് മേല്‍ക്കൈ നേടിക്കൊടുക്കുവാന്‍ സഹായകമായിത്തീര്‍ന്ന ഈ ശ്രമം ഫലത്തില്‍ ഇതര വര്‍ഗ്ഗീയതകളെയും പ്രചോദിപ്പിക്കുമെന്ന ലളിതമായ വാസ്തവം അറിയാതെയല്ല മാദ്ധ്യമങ്ങള്‍ ഈ തീക്കളിയ്‌ക്കൊരുങ്ങുന്നത്. പരസ്പരം മത്സരിച്ചു വളരുകയെന്നതാണ് വര്‍ഗ്ഗീയതകളുടെയും നയം. ഈ കലക്കവെള്ളത്തിലാണ് മാദ്ധ്യമങ്ങളുടെ മത്സ്യബന്ധനം.

നെഹ്‌റുവിന്റെ മതേതരത്വത്തില്‍നിന്ന് കോണ്‍ഗ്രസ് മാറിയതുപോലെ ഇടതുപക്ഷവും അതിന്റെ ബൗദ്ധികമായ സത്യതന്ധതയില്‍നിന്ന് അകന്ന് മതചിഹനങ്ങളെ പ്രതിരോധാ യുധമാക്കിത്തുടങ്ങുന്നു

ആത്യന്തികമായി  മാദ്ധ്യമങ്ങളുടെതന്നെ നിലനില്‍പ്പിന് അടിസ്ഥാനമായ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നേര്‍ക്കാണ് ഈ നിലപാട് വളര്‍ന്നെത്തുകയെന്നും അവര്‍ക്കറിയാതെയല്ല. താല്‍ക്കാലികനേട്ടമാണ്, സാമൂഹികപ്രതിബദ്ധതപോയിട്ട് സാമൂഹികബോധംപോലുമില്ലാത്ത ഈവക മാദ്ധ്യമങ്ങള്‍ ലക്ഷ്യമാക്കുന്നത്. കേരളത്തിന്റെ ശാപം സാമൂഹികസാക്ഷരതയില്ലാത്ത ഒരുവിഭാഗം അച്ചടിമാദ്ധ്യമങ്ങളാണെന്നതും ഒരു വൈപരീത്യമാണ്.

കമ്പോളമത്സരത്തിന്റെ ഭാഗമായി എല്ലാ ജാതി-മത വര്‍ഗ്ഗീയതകളെയും ഒരുപോലെ പിന്തുണയ്ക്കുകയെന്ന മുഖ്യധാരാമാദ്ധ്യമങ്ങളുടെ പതിവു കച്ചവടതന്ത്രം, മതേതരത്വമെന്നാല്‍ സര്‍വ്വമതാധിപത്യമാണെന്ന ഭയാനകമായ ഒരു പൊതുബോധം കേരളത്തിലും സൃഷ്ടിച്ചിട്ടുണ്ട്. യഥാര്‍ത്ഥ മതേതര-മതനിരപേക്ഷ വാദികള്‍ക്ക് ഇടമില്ലാത്ത ഒരു സമൂഹമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ മതാധികാരസ്ഥാപനങ്ങളോടൊപ്പം മാദ്ധ്യമങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്.

പൊതുസമൂഹത്തെയാകെ ബാധിക്കുന്ന കാര്യങ്ങളില്‍പ്പോലും തങ്ങളുടെ മതാധിഷ്ഠിതനിലപാടുകള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന മതങ്ങള്‍ക്കും മതാധികാരികള്‍ക്കും, അവരുടെ തണലില്‍ തഴച്ചുവളരുന്ന പ്രച്ഛന്നവേഷമണിഞ്ഞ വര്‍ഗ്ഗീയസംഘടനകള്‍ക്കും മാദ്ധ്യമങ്ങള്‍ നല്‍കിപ്പോരുന്ന പിന്തുണ പുരോഗമന കേരളത്തെ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മദ്ധ്യകാല സംസ്‌കാരത്തിലേക്ക് അതിവേഗം നയിച്ചുകൊണ്ടിരിക്കുകയാണെന്ന വാസ്തവത്തിനുനേരെ അക്കാദമിക് സമൂഹംപോലും കണ്ണടയ്ക്കുന്നുവെന്നതാണ് ഭയാനകം. അവര്‍ക്കും സര്‍വ്വശക്തരായ ഇക്കൂട്ടരെ പിണക്കാന്‍ വയ്യ.

വിപ്ലവഭൂതകാലത്തിന്റെ പടംപൊഴിച്ച് പരമസാത്വികരായി അഭിനയിക്കുന്നവരില്‍പ്പലരും വര്‍ഗ്ഗീയസംഘടനകളുടെ പണംപറ്റി അവരുടെ വക്താക്കളായി ചില മുഖ്യധാരാമാദ്ധ്യമങ്ങളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേരളത്തിലെ രഹസ്യപ്പോലീസിനുപോലുമറിയാം. ഇവരിലൂടെയാണ് മതങ്ങളുടെയും വര്‍ഗീയസംഘടനകളുടെയും പ്രത്യശാസ്ത്രം പൊതുമണ്ഡലത്തില്‍ ഇടമുണ്ടാക്കി ഇരിപ്പുറപ്പിക്കുന്നത്.

രാഷ്ട്രീയമണ്ഡലത്തില്‍ അധീശത്വം നേടാന്‍ ഉദ്യമിക്കുന്ന മത-ജാതി-വര്‍ഗ്ഗീയതകളെല്ലാം മതേതരത്വത്തെ അട്ടിമറിക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ‘എംബഡഡ് ‘ ബുദ്ധിജീവികളുടെയും മുഖ്യധാരാ മാദ്ധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും അതിനുണ്ട്. മാദ്ധ്യമങ്ങളുടെ പിന്തുണയോടെ മതേതര ജനാധിപത്യത്തെ നിഷ്‌കാസനംചെയ്യുവാന്‍ അത്യുത്സാഹം കാട്ടുന്ന ഈ മാഫിയാ കൂട്ടുകെട്ടിന്റെ മാരകമായ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ച് അജ്ഞത നടിക്കുന്ന പുരോഗമന കേരളം മറ്റൊരു ഗുജറാത്താവില്ലെന്നതിന് ഉറപ്പൊന്നുമില്ല.

ന്യൂനപക്ഷവര്‍ഗ്ഗീയതകളെച്ചൂണ്ടി ഭൂരിപക്ഷവര്‍ഗ്ഗീയത മേല്‍ക്കൈ നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ന്യൂനപക്ഷവര്‍ഗ്ഗീയതകളെ വളര്‍ത്തിക്കൊണ്ട് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളും വന്‍കിടമാദ്ധ്യമങ്ങളും മതേതരത്വത്വഭാരതം എന്ന ഭരണഘടനാസങ്കല്‍പ്പത്തെ വെല്ലുവിളിക്കുന്നത്. സെക്യുലര്‍ ഛായ നിലനിര്‍ത്താനാഗ്രഹിക്കുന്നതായി തോന്നിപ്പിച്ച മലയാള ദിനപത്രങ്ങള്‍ ഇപ്പോള്‍ വര്‍ഗ്ഗീയതയുടെ നേതൃത്വംതന്നെ സ്വയം ഏറ്റെടുക്കുവാന്‍ തുടങ്ങിയെന്നത് ഇതൊരു കടശ്ശിക്കളിയാണെന്ന തോന്നലാണുണ്ടാക്കുന്നത്്.

മതഭ്രാന്തുകളെ തട്ടിയുണര്‍ത്തി അതതു മതങ്ങളെ, തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയത്തിനെതിരാക്കാമെന്നും അതുവഴി മതങ്ങളുടെ അനുഭാവവും രാഷ്ട്രീയലക്ഷ്യവും കച്ചവടവിജയവും ഒരുമിച്ച് നേടാനാവുമെന്നും വിചാരിക്കുന്ന മാദ്ധ്യമങ്ങള്‍ ജനാധിപത്യത്തിനുതന്നെ ഭീഷണിയായേക്കാം. യേശുക്രിസ്തുവിനെ മുന്‍നിര്‍ത്തി ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ ഉല്‍പ്പാദിപ്പിച്ച വിവാദം അതിലേക്കാണ് ചൂണ്ടുന്നത്.

യേശു വിപ്ലവകാരിയാണെന്ന് പറഞ്ഞ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മതവികാരം വൃണപ്പെടുത്തിയെന്ന ആവലാതിയുയര്‍ത്തിയ സഭാമേധാവികളുടെയും കോണ്‍ഗ്രസിന്റെയും ഒരു വിഭാഗം മാദ്ധ്യമങ്ങളുടെയും അജണ്ട നിര്‍ദ്ദോഷമായ ഈശ്വരഭക്തിയായിത്തോന്നാമെങ്കിലും അത് മതാധിപത്യത്തിന്റെ പ്രത്യശാസ്ത്രത്തെയാണ് മുന്നോട്ടുവെയ്ക്കുന്നത്. രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരാളെ മുന്‍നിര്‍ത്തി വേണം തങ്ങളുടെ മതേതരത്വം ഉയര്‍ത്തിക്കാട്ടാനെന്നു കരുതിയ പാര്‍ട്ടിയുടെയും അത് മതവികാരത്തിനെതിരാണെന്നു കരുതുന്നവരുടെയും രാഷ്ട്രീയം ഭിന്നമാണെങ്കിലും ആത്യന്തികമായി ഇരുകൂട്ടരുടെയും കാലഹരണപ്പെട്ട ലോകബോധത്തെയാണ് അത് മറനീക്കിക്കാട്ടുന്നത്.

പ്രതിരോധത്തിലായ പാര്‍ട്ടിപ്രവര്‍ത്തകരെ സുവിശേഷപ്രവര്‍ത്തകരാക്കിമാറ്റാന്‍ തല്‍ക്കാലത്തേക്കെങ്കിലും കഴിഞ്ഞുവെന്നതാണ് സഭയുടെയും അവരുടെ മാദ്ധ്യമങ്ങളുടെയും വിജയം. കേരളം വത്തിക്കാന്റെ ഒരു സാമന്ത രാജ്യമായിക്കാണാന്‍ ആഗ്രഹിക്കുന്ന തിരുസഭ, ആതുരസേവന-വിദ്യാഭ്യാസ മേഖലയുള്‍പ്പടെയുള്ള പലതരം കച്ചവടങ്ങളിലെന്നതുപോലെ ഈ പ്രത്യശാസ്ത്രയുദ്ധത്തിലും ജേതാക്കളായി. തോറ്റത് പക്ഷെ, പാര്‍ട്ടിയല്ല. കേരളത്തിന്റെ പുരോഗമനചിന്തയും സ്വതന്ത്രമായ അഭിപ്രായപ്രകടനസ്വാതന്ത്ര്യവുമാണ്.

പ്രത്യശാസ്ത്രസ്ഥിരതയില്ലാത്ത ഇടകുപക്ഷ പാര്‍ട്ടികളും അവരുടെ തുച്ഛമായ താല്‍ക്കാലിക ലാഭങ്ങള്‍ക്കായി മതാധിപത്യത്തെ ക്ഷണിച്ചിരുത്തി മതേതരജനാധിപത്യത്തെ അപ്രസക്തമാക്കുകയാണെന്ന നിര്‍ഭാഗ്യകരമായ വാസ്തവത്തിലേക്കുകൂടിയാണ് ഈ യേശുവിവാദം വിരല്‍ചൂണ്ടുന്നത്.

മതതീവ്രവാദങ്ങളുടെ പ്രത്യയശാസ്ത്രം പങ്കിടാത്ത യഥാര്‍ത്ഥ മതേതരവാദികള്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ആക്രമിക്കപ്പെടുക കേരളത്തിലും ഇന്ത്യയിലാകെയും പതിവായിരിക്കുന്നു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍നിന്ന് റുഷ്ദിയെ അകറ്റിനിര്‍ത്തുവാന്‍ ഇസ്ലാമിക വര്‍ഗ്ഗീയസംഘടനകള്‍ക്ക് കൂട്ടുനിന്ന സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ മനുഷ്യാവകാശങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ മതേതര ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് വെല്ലുവിളിക്കുന്നത്.

Thaslima Nasrin and Salman Rushdie ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന് ഖ്യാതിയുള്ള ഇന്ത്യയില്‍ മാറിമാറിവരുന്ന ഭരണകൂടങ്ങളെല്ലാം മതേതരത്വത്തെയും ജനാധിപത്യത്തെയും മതാധിപത്യശക്തികള്‍ക്കും സ്വേച്ഛാധിപത്യപ്രവണതകള്‍ക്കും അടിയറവെച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സല്‍മാന്‍ റുഷ്ദിക്കും തസ്ലീമാ നസ്രിനുമെതിരെയുണ്ടായ ഈയിടെ വീണ്ടുമുണ്ടായ വിലക്കുകള്‍. സംഘപരിവാരത്തിന്റെ ആക്രമണം ഭയന്ന് ഇന്ത്യയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന എം.എഫ്. ഹുസൈന് സ്വന്തം രാജ്യത്ത് മടങ്ങിവരാന്‍ കഴിയാതിരുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെ വര്‍ഗ്ഗീയപ്രീണന നയം മൂലമാണെന്ന് ആര്‍ക്കും അറിയാത്തതല്ല. ഇസ്ലാമിക തീവ്രവാദികളെപ്പേടിച്ച് കഴിയുന്ന ബാംഗ്ലദേശ് എഴുത്തുകാരി തസ്ലീമ നസ്രിന് ഇന്ത്യിലും സമാനമായ ആക്രമണങ്ങളെയാണ് നേരിടേണ്ടിവന്നത്.

ഇറാനിലെ ആയത്തുള്ള ഖൊമേനി റുഷ്ദിയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ റുഷ്ദിയുടെ പുസ്‌കം ഇന്ത്യയില്‍ നിരോധിച്ചുകൊണ്ട് രാജീവ് ഗാന്ധിയുടെ ഗവണ്‍മെന്റ് ഇന്ത്യക്കാര്‍ക്കാകെ അപമാനമുണ്ടാക്കുകയായിരുന്നു. രാജ്യാന്തരതലത്തില്‍ത്തന്നെ അപലപിക്കപ്പെട്ട ഈ ആവിഷ്‌കാരസ്വാതന്ത്ര്യധ്വംസനത്തിനുപിന്നിലുള്ള രാജീവ് ഗാന്ധിയുടെ വര്‍ഗ്ഗീയപ്രീണനനയം മന്‍മോഹന്‍സിങ്ങിലൂടെ തുടരുകയാണ്.

മതാധിപത്യത്തെ വ്യക്തിജീവിതത്തില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും അകറ്റിനിര്‍ത്തി മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്തുടര്‍ച്ചക്കാര്‍ അധികാരം നിലനിര്‍ത്താന്‍ മഹത്തായ ഇന്ത്യന്‍ മതേതരസങ്കല്‍പ്പത്തെയും പൗരാവകാശങ്ങളെയും മത-വര്‍ഗ്ഗീയശക്തികള്‍ക്ക് പണയപ്പെടുത്തുകയാണ്.

നെഹ്‌റുവിന്റെ മതേതരത്വത്തില്‍നിന്ന് കോണ്‍ഗ്രസ് മാറിയതുപോലെ ഇടതുപക്ഷവും അതിന്റെ ബൗദ്ധികമായ സത്യതന്ധതയില്‍നിന്ന് അകന്ന് മതചിഹനങ്ങളെ പ്രതിരോധായുധമാക്കിത്തുടങ്ങുന്നു. മനുഷ്യചരിത്രത്തില്‍ ക്രിസ്ത്യന്‍ സഭയുടെ ക്രൂരതകള്‍ നിലനില്‍ക്കുവോളം അതിന്റെ ആദര്‍ശമുദ്രാവാക്യങ്ങളെമാത്രം ആദരിക്കാനൊരുമ്പെടുന്നത് മറ്റൊരു ക്രൂരതയാണെന്ന്, വലിയവായില്‍ മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ ഉരുവിടുന്ന പാര്‍ട്ടി ബുദ്ധിജീവികളും തിരിച്ചറിയുന്നില്ല.
ഹുസൈന്റെയോ തസ്ലീമയുടെയോ റുഷ്ദിയുടെയോ ആത്മാവിഷ്‌കാരസ്വാതന്ത്ര്യത്തെയല്ല മതമൗലികവാദികള്‍ അപഹരിക്കുന്നത്. എല്ലാ മൗലികവാദങ്ങളെയും സ്വേച്ഛാധിപത്യങ്ങളെയും ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ അടിസ്ഥാന സ്വാതന്ത്ര്യത്തെയാണ്. ഒരു ജനാധിപത്യക്രമത്തില്‍ ജീവിക്കുന്ന പരിഷ്‌കൃതജനത ഈ സ്വാതന്ത്ര്യധ്വംസനങ്ങളെ, ദന്തഗോപുരവാസികളായ വെറും കലാകാരന്മാരുടെ ആത്മാവിഷ്‌കാരപ്രശ്‌നം മാത്രമായി കാണുമ്പോഴാണ് ജനാധിപത്യസങ്കല്പംതന്നെ അസ്തമിക്കുക.

വധഭീഷണിയെയും ശാരീരികാക്രമണങ്ങളെയും വകവെയ്ക്കാതെ സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന തസ്ലീമയുടെയും റുഷ്ദിയുടെയും ബൗദ്ധികസത്യസന്ധതയാണ് മതമൗലികവാദങ്ങള്‍ക്കുള്ള മറുപടി. അതില്ലാത്ത നമ്മുടെ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിക്കൂടിയാണ് അവരുടെ ത്യാഗമെന്നെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മളെത്ര ക്രൂരരാണ് !

Advertisement