ന്യൂദല്‍ഹി: പ്രകൃതി വിഭവങ്ങളുടെ വിതരണത്തിന് ലേലം ആവശ്യമില്ലെന്ന് സുപ്രീകോടതി. എന്നാല്‍ സ്‌പെക്ട്രം വിതരണത്തിന് ലേലം നിര്‍ബന്ധമാണെന്നും കോടതി വ്യക്തമാക്കി. സ്‌പെക്ട്രം കേസില്‍ വ്യക്തത തേടിയുള്ള രാഷ്ട്രപതിയുടെ റഫറന്‍സിന് മറുപടിയായാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

പ്രകൃതി വിഭവങ്ങളുടെ വിതരണം ന്യായമായ കാര്യമാണ്. എന്നാല്‍ ലേലം ഭരണഘടനാ ബാധ്യതയല്ലെന്നും കോടതി പറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് പൊതു താത്പര്യവും പൊതുനന്മയും പരിഗണിച്ചാകണം. വരുമാനത്തേക്കാള്‍ പൊതുനന്മയാകണം പ്രധാനം. പ്രകൃതി വിഭവങ്ങളുടെ വിതരണത്തിന് സര്‍ക്കാറിന് നയപരമായ തീരുമാനങ്ങളെടുക്കാമെന്നും ഡിവിഷന്‍ ബഞ്ചിന്റെ വിധിയില്‍ പറയുന്നു.

2ജി സ്‌പെക്ട്രത്തിന്റെ കാര്യത്തില്‍ മാത്രമാണ്് ലേലം ബാധകം. വരുമാനം ഉണ്ടാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ ലേലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കാമെന്നും കോടതി അറിയിച്ചു. അതേസമയം സര്‍ക്കാറിന്റെ നയങ്ങളില്‍ കോടതിക്ക് ഇടപെടാമെന്നും ഇന്നത്തെ കോടതി തീരുമാനിച്ചു.

സംസ്ഥാനസര്‍ക്കാറുകളുടേയും വ്യവസായസംഘടനകളുടേയും പാര്‍ട്ടികളുടേയും നിലപാട് അറിഞ്ഞശേഷമാണ് ചീഫ് ജസ്റ്റിസ് കപാഡിയ അടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.