മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും ടെലികോം കമ്പനിയും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ജീവനക്കാരെ പിരിച്ചു വിടുന്നു. കഴിഞ്ഞ വര്‍ഷം 700ഓളം ജീവനക്കാരെ റിലയന്‍സ് പിരിച്ചു വിട്ടിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സയിദ് സഫാവി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും  ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

മുമ്പ് പിരിച്ചു വിട്ട എണ്ണത്തിന് സമാനമായ ജീവനക്കാരെ ഇത്തവണയും പിരിച്ചു വിടുമെന്നാണ് കരുതുന്നത്. ഫെബ്രുവരി ഒന്നിനാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സഫാവി സ്ഥാനമൊഴിഞ്ഞത്. സഫാവിക്ക് റിലയന്‍സ് ടെലികോമിനെ പ്രതീക്ഷിച്ച ലാഭത്തില്‍ എത്തിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ അദ്ദേഹവുമായുള്ള കരാര്‍ പുതുക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.

സഫാവിയുടെ പകരക്കാരന്‍ ദിവസങ്ങള്‍ക്കകം സ്ഥാനമേല്‍ക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയന്‍സ് ടെലികോം.

Malayalam News

Kerala News In English