ന്യൂദല്‍ഹി: റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പുറത്തായതായി റിപ്പോര്‍ട്ട്. magicapk.com എന്ന വെബ്‌സൈറ്റാണ് ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

സൈറ്റില്‍ മുകളിലായി ഒരു സര്‍ച്ച് ബോക്‌സുണ്ട്. അതില്‍ ഏതെങ്കിലും ജിയോ നമ്പര്‍ എന്റര്‍ ചെയ്താല്‍ ഉടന്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ലഭിക്കും. സംഭവം വിവാദമായതോടെ ഈ സൈറ്റ് ഓഫ്‌ലൈന്‍ ആയിരിക്കുകയാണ്.

Fonearena.com എന്ന വെബ്‌സൈറ്റാണ് വിവരങ്ങള്‍ ലീക്കായ കാര്യം റിപ്പോര്‍ട്ടു ചെയ്തത്. തന്റെയും തന്റെ സഹപ്രവര്‍ത്തകരുടെയും വ്യക്തിവിവരങ്ങള്‍ ഈ വൈബ്‌സൈറ്റ് വഴി ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് Fonearena.com എഡിറ്റര്‍ വരുണ്‍ ക്രിഷ് പറഞ്ഞത്.

ഒരാഴ്ചമുമ്പുവരെ വാങ്ങിയ സിം കാര്‍ഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരെ കൃത്യമായി ഈ വെബ്‌സൈറ്റില്‍ നിന്നും ലഭിച്ചെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം എല്ലാ ജിയോ ഉപഭോക്താക്കളുടെയും വിവരങ്ങള്‍ പുറത്തായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

2017 ജൂലൈ 2ന് ആക്ടിവേറ്റായ നമ്പര്‍ എന്റര്‍ ചെയ്തപ്പോള്‍ വരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ നമ്പറിലെ ആധാര്‍ നമ്പറിന്റെയും ഇമെയിന്റെയും സ്ഥാനത്ത് ബ്ലാങ്കാണ്. എന്നാല്‍ ആധാര്‍ നമ്പറും ഇമെയിലും ലഭ്യമായ മൂന്നോളം നമ്പറുകള്‍ Fonearena.com റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

അതേസമയം വിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ റിലയന്‍സ് ജിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രഥമ പരിശോധനയില്‍ പുറത്തുവന്ന വിവരങ്ങള്‍ യഥാര്‍ത്ഥമല്ല എന്നാണ് ജിയോ വക്താവ് പറയുന്നത്.

‘വിവരങ്ങള്‍ സുരക്ഷിതമാണെന്നും വന്‍സുരക്ഷയോടെയാണ് സൂക്ഷിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. ആവശ്യം അനുസരിച്ച് അധികൃതരുമായി മാത്രമേ ഡാറ്റ പങ്കുവെയ്ക്കാറുള്ളൂ. വെബ്‌സൈറ്റിന്റെ അവകാശവാദം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.’ റിലയന്‍സ് ജിയോ വക്താവ് അറിയിച്ചു.