എഡിറ്റര്‍
എഡിറ്റര്‍
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഒരു ലക്ഷം കോടിയുടെ നിക്ഷേപം നടത്തും
എഡിറ്റര്‍
Friday 8th June 2012 10:38am

മുംബൈ : വന്‍കിട മേഖലകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ഇതോടെ കമ്പനിയുടെ ബാലന്‍സ്ഷീറ്റ് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ബാലന്‍സ്ഷീറ്റാവും. പെട്രോ കെമിക്കല്‍സ്, എണ്ണ, പ്രകൃതി വാതകം, ചില്ലറ വില്‍പ്പന, ടെലികോം  എന്നീ മേഖലകളിലാണ് റിലയന്‍സ് നിക്ഷേപത്തിനൊരുങ്ങുന്നത്.

പെട്രോകെമിക്കല്‍സ്, എണ്ണ ശുദ്ധീകരണം, എന്നീ മേഖലകളില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. കമ്പനി ഓഹരി ഉടമകളുടെ യോഗത്തിലാണ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്.

ടെലികോം മേഖലകളില്‍ 4ജി വാണിജ്യാടിസ്ഥാനത്തതില്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇപ്പോള്‍ 3000 കോടി ക്യുബിക് അടി ഉത്പാദനമുള്ള വാതക മേഖല അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൃഷ്ണ ഗോദാവരി തീരത്തെ പ്രകൃതിവാതകത്തിന്റെ ഉത്പാദനത്തില്‍ കുറവുണ്ടെന്നും ഇതിന് സമീപമുള്ള പാടങ്ങളില്‍ നിന്ന് ആറുകോടി സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്റര്‍ പ്രതിദിന വാതകം ഉത്പാദിപ്പിക്കാനുള്ള സാധ്യത അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമാണ്. പ്രശ്‌നങ്ങള്‍ ഉടന്‍ മറികടക്കും. 2003 ന് ശേഷം ആദ്യമായി കമ്പനിയുടെ ലാഭം കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 9 ശതമാനം ഇടിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.

Advertisement