നടി നിത്യാമേനോന് ഏര്‍പ്പെടുത്തിയ വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്‍വലിച്ചേക്കാന്‍ സാധ്യത. നിത്യയുടെ വിലക്ക് സിനിമകളുടെ റിലീസിങ്ങിനെ ബാധിക്കാതിരിക്കാനായി അഭിനേതാക്കളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ധാരണയായിട്ടുണ്ട്.

നിത്യയെ വിലക്കിയ സംഭവത്തില്‍ താരസംഘടന പ്രതിഷേധവുമായി രംഗത്തെത്തയതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരും പ്രതിസന്ധിയിലായിരുന്നു.നിത്യയുടെ ചിത്രങ്ങള്‍ വിതരണത്തിനെടുക്കരുതെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ഡിസ്ട്രി്ബ്യൂഷന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് പറഞ്ഞു.

പ്രശ്‌നത്തിന് ഏതാണ്ട് പരിഹാരം കണ്ടതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. ഇതോടെ നിത്യ അഭിനയിച്ച ബാച്ചിലര്‍ പാര്‍ട്ടി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ എന്നീ ചിത്രങ്ങളുടെ റിലീസിംഗ് നടക്കുമെന്ന് ഏതാണ്ട്് ഉറപ്പായി.

ഫെബ്രുവരി ആറിന് ചേര്‍ന്ന വിതരണക്കാരുടെ സംഘടനാ യോഗത്തിലാണ് നിത്യ അഭിനയിക്കുന്ന സിനിമകള്‍ വിലക്കണമെന്ന തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് കത്തയച്ചിരുന്നു.

ടി.കെ രാജീവ്കുമാറിന്റെ ‘തത്സമയം ഒരു പെണ്‍കുട്ടി ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിത്യാമേനോന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ചിലരോട് മോശമായി പെരുമാറിയെന്നായിരുന്നു ആക്ഷേപം. ഇതെ തുടര്‍ന്ന് അന്ന് തന്നെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിത്യക്കെതിരെ വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് കാര്യമാക്കുന്നില്ലെന്ന് അന്ന് നിത്യാമേനോനും പ്രതികരിച്ചിരുന്നു.

എതിര്‍പ്പുകള്‍ എന്തുതന്നെ ഉണ്ടായാലും ഉസ്താദ് ഹോട്ടല്‍ വിഷുവിന് തന്നെ റിലീസ് ചെയ്യുമെന്ന തീരുമാനത്തിലായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഈ ചിത്രത്തിലെ നായകന്‍.

Malayalam News

Kerala News In English