എഡിറ്റര്‍
എഡിറ്റര്‍
ഗണേഷും സരിതയും തമ്മില്‍ അവിഹിത ബന്ധം; പരാതി പറയാന്‍ മുഖ്യമന്ത്രിയെ കണ്ടു: ഭര്‍ത്താവ്
എഡിറ്റര്‍
Saturday 15th June 2013 12:39pm

biju

തിരുവനന്തപുരം: തന്റെ ഭാര്യ സരിത എസ് നായരും മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെന്ന് സരിതയുടെ രണ്ടാം ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍.

ഒളിവില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ ടെലഫോണ്‍ മുഖേനയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ഗണേഷുമായുളള ബന്ധം മൂലം സരിതയും താനും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് സോളാര്‍ കമ്പനി തകരാനുണ്ടായ സാഹചര്യമെന്നും ബിജു പറഞ്ഞു.

Ads By Google

ഗണേഷ് കുമാറുമായുള്ള അവിഹിത ബന്ധമാണ് തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണം. എറണാകുളത്തെ തന്റെ ഓഫീസ് ഉദ്ഘാടനത്തിന് ഒരു മന്ത്രിയെ ആവശ്യമുണ്ടായിരുന്നു. മന്ത്രി കെ.പി മോഹനനായിരുന്നു തന്റെ മനസില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നം വന്നതോടെ മറ്റേതെങ്കിലും മന്ത്രിയെ സംഘടിപ്പിക്കണമെന്ന് സരിതയോട് പറഞ്ഞു. സരിതയാണ് ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് കൊണ്ടുവന്നത്.

പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നു. കോയമ്പത്തൂരിലെ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഹോട്ടലില്‍ ഗണേഷും സരിതയും ഒരുമിച്ച് താമസിച്ചിരുന്നു.

മാനേജര്‍മാരാണ് ഇവരുടെ ബന്ധം തന്നോട് പറഞ്ഞത്. ഗണേഷും സരിതയുമായുള്ള ഫോണ്‍ സംഭാഷണ രേഖകള്‍ പിന്നീട് പി.സി ജോര്‍ജിന് കൈമാറിയെന്നും ബിജു പറഞ്ഞു.

ഇക്കാര്യത്തില്‍ പരാതി പറയാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നെന്നും വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ബിജു പറഞ്ഞു.

എം.ഐ ഷാനവാസ് എം.പി മുഖേനയാണ് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചതെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

ഗണേഷിനോട് സംസാരിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയെങ്കിലും നടന്നില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ സരിത തന്നോട് ഇങ്ങോട്ടു ചോദിക്കുകയായിരുന്നു.

ഗണേഷുമായുളള പ്രശ്‌നമെന്തെന്നു കെ.സി.വേണുഗോപാല്‍ വിളിച്ചു ചോദിച്ചതായി സരിത പറഞ്ഞു. ഇതോടെ, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അദ്ദേഹം അറിയാതെ കാര്യങ്ങള്‍ പുറത്തുപോകുന്നുണ്ടെന്ന് മനസിലായി. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അദ്ദേഹത്തെ ബൈപ്പാസ് ചെയ്‌തെന്നും ബിജു വെളിപ്പെടുത്തി.

കേന്ദ്രമന്ത്രി കെ.സി വേണുഗോപാലുമായും സരിതയ്ക്ക് ബന്ധമുണ്ട്. ഇദ്ദേഹവുമായി സരിത നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെല്ലാം സരിതയുമായി അടുത്ത ബന്ധമുണ്ട്. ടെന്നിസ് ജോപ്പനുമായി രാത്രി വൈകിയും സരിത ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു.

മുഖ്യമന്ത്രിക്ക് ഇപ്പോഴത്തെ വിവാദങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പല കാര്യങ്ങളിലും മുഖ്യമന്ത്രിയെ മറികടന്ന് സഹായിച്ചുവെന്നും ബിജു വെളിപ്പെടുത്തി.

താനറിയാത്ത സാമ്പത്തിക ഇടപാടുകള്‍ സരിതയ്ക്ക് ഉണ്ടായിരുന്നു. സോളാര്‍ കമ്പനിയുടെ പേരില്‍ രസീത് നല്‍കി വാങ്ങിയ പണമെല്ലാം തിരികെ കൊടുക്കും. സോളാര്‍ പാനല്‍ ഇടപാടില്‍ നിക്ഷേപകരുടെ പണം ആറുമാസത്തിനുള്ളില്‍ തിരികെ നല്‍കുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം ബിജുവിന്റെ പ്രതികരണത്തില്‍ അന്വേഷണം നടത്തുമെന്നും കൂടുതല്‍ തെളിവുകള്‍ പുറത്തുവരട്ടെയെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Advertisement