മുംബൈ: ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ വിമാന ഇന്ധനം വിദേശത്തു നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നു. ഇറക്കുമതി ചെയ്യുന്ന ഇന്ധനം തുറമുഖങ്ങളില്‍ സൂക്ഷിക്കാനും വിമാനത്താവളങ്ങളിലേക്ക് എത്തിക്കാനുമുള്ള സംവിധാനങ്ങളാണ് റിലയന്‍സ് ഒരുക്കുന്നത്.

വിമാനക്കമ്പനികളുമായി ഇക്കാര്യത്തില്‍ റിലയന്‍സ് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായ വിമാനക്കമ്പനികള്‍ നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ധനച്ചെലവ് 20 ശതമാനത്തോളം കുറയും.

കഴിഞ്ഞ ദിവസമാണ് വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക സമിതി അനുമതി നല്‍കിയത്. നിലവില്‍ ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് മാത്രമേ അധികാരമുള്ളു. വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിലൂടെ 2500 കോടിയോളം രൂപയുടെ ലാഭം വര്‍ഷത്തില്‍ കമ്പനികള്‍ക്കുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള കടാശ്വാസ പാക്കേജിനും പ്രത്യേക സമിതി അനുമതി നല്‍കിയിരുന്നു.

Malayalam News

Kerala News in English