എഡിറ്റര്‍
എഡിറ്റര്‍
രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
എഡിറ്റര്‍
Tuesday 15th May 2012 4:20pm

ന്യൂദല്‍ഹി: സിനിമാ താരം രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10.57ഓടെ രാജ്യസഭയില്‍ എത്തിയ രേഖയെ ഒരുപറ്റം സഭാംഗങ്ങള്‍ ആനയിച്ച് സ്വന്തം ഇരിപ്പിടത്തിനടുത്ത് എത്തിക്കുകയായിരുന്നു. സത്യപ്രതിഞ്ജക്കായി രേഖയുടെ പേര് വിളിച്ചപ്പോള്‍ എല്ലാവരും ബെഞ്ചില്‍ കയ്യടിച്ചാണ് അവരെ സ്വീകരിച്ചത്. സാധാരണയായി തന്റെ വസ്ത്രധാരണത്തിലും മറ്റും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന രേഖ ഇന്ന് ഒരു സ്വര്‍ണ്ണ നിറമുള്ള സാരിയും അതിനിങ്ങുന്ന തരത്തിലുള്ള ഒരു മാലയും ധരിച്ചാണ് സഭയില്‍ എത്തയിതെന്നതും ശ്രദ്ധേയമായി.

ദൈവനാമത്തില്‍ ഇംഗ്ലീഷില്‍ സത്യപ്രതിഞ്ജ ചെയ്ത രേഖയെ ഹമീദ് അനസാരി സ്വാഗതം ചെയ്തു. തുടര്‍ന്ന് അവര്‍ പ്രധാന മന്ത്രയെയും പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെയും അഭിവന്തനം ചെയ്തു. സഭാംഗം ജയാബച്ചന്‍ നേരത്തെ തന്നെ രാജ്യസഭയില്‍ എത്തിയിരുന്നുവെങ്കിലും ഇരുവരും ഹസ്തദാനം നടത്തുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തിരുന്നില്ല. തെലുങ്ക് സിനിമാ നടന്‍ ചിരഞ്ചീവി രേഖയെ സഭയില്‍ എത്തുന്നതിന് മുമ്പ് തന്നെ അഭിനന്ദനം അറിയിച്ചിരുന്നു.

രേഖയുടെയും ക്രിക്കറ്റ് താരം സച്ചിന്‍ ടെന്റുല്‍ക്കറിന്റെയും പേര് രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കിയത് ഒരുമിച്ചായിരുന്നുവെങ്കിലും സച്ചിന്‍ രാജ്യസഭയില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍ സച്ചിന്‍ നാളെ സത്യപ്രതിഞ്ജ ചെയ്യുമെന്നും സൂചനയുണ്ട്.

Advertisement