കോഴിക്കോട്‌: ടി.പി. ചന്ദ്രശേഖരന്‍  വധക്കേസിലെ കൊലയാളി സംഘാംഗം ടി.കെ. രജീഷ് നേരത്തെ നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞു.  വടകര കോടതിയില്‍  നല്‍കിയ ജാമ്യാപേക്ഷയിലാണ് രജീഷ്   മൊഴികള്‍ തള്ളിപ്പറഞ്ഞത്.

തന്റെ മൊഴികള്‍ പോലീസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പറയിപ്പിച്ചതാണെന്നും താന്‍ സ്വമേധയാ പറഞ്ഞതല്ലെന്നും ജാമ്യാപേക്ഷയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രജീഷ് പറയുന്നു.
കെ.ടി. ജയകൃഷ്ണന്‍ വധത്തില്‍ തനിക്ക് പങ്കില്ലെന്നും ഇതുള്‍പ്പെടെ അഞ്ച് കേസുകളില്‍ പങ്കുണ്ടെന്നത് ശരിയല്ലെന്നും രജീഷ് പറഞ്ഞു.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പലതും ശരിയല്ല. മാധ്യമങ്ങള്‍ക്ക് പോലീസ് നല്‍കുന്നത് തെറ്റായവാര്‍ത്തകളാണ്. തന്റെ മൊഴികള്‍ ഉദ്ധരിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ബന്ധുക്കള്‍ വഴി അറിഞ്ഞപ്പോഴാണ് തനിക്ക് ഇക്കാര്യം മനസിലായതെന്നും രജീഷ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു സി.പി.ഐ.എം പ്രാദേശിക നേതാക്കളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ ഏരിയാ കമ്മിറ്റി അംഗം കാരായി ശ്രീധരന്‍, മൊഴക്കുന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. വല്‍സന്‍ എന്നിവരാണ് പിടിയിലായത്.