മുംബൈ: പ്രണയം നിരസിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു. 21കാരനായ ആദില്‍ ഷെയ്ഖാണ് തന്റെ കാമുകി ദര്‍ശന പാഞ്ചാലിനെ കൊലപ്പെടുത്തിയത്. ഇരുവരും മുംബൈയിലെ കെ ജി മിത്തല്‍ കോളജിലെ വിദ്യര്‍ഥികളാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധം ദര്‍ശനയുടെ വീട്ടിലറിയുകയും തുടര്‍ന്ന് ബന്ധുക്കള്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ യുവതിയെ പ്രേരിപ്പിക്കുകയായിരുന്നു.

വീട്ടുകാരുടെ തീരുമാനമറിഞ്ഞ ആദില്‍ ദര്‍ശനയെ തന്റെ ബൈക്കില്‍ കയറ്റി ഷോപ്പിങ് മാളിലേക്ക് കൊണ്ടുപോയി 12 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിക്കായിരുന്നു സംഭവം.

എന്നാല്‍ ദര്‍ശനയ്ക്ക് ആദിലുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.ആദിലിനെ മലാഡ് പോലിസ് കസ്റ്റഡിയില്‍ എടുത്തു.