ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ഗുരുവിന്റെ ദയാഹര്‍ജി തള്ളാന്‍ ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ദയാഹര്‍ജിയുടെ കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയാണ് പതിവ്.

ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന് ശുപാര്‍ശ കൈമാറിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയെ അറിയിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി അഫ്‌സല്‍ ഗുരുവിന്റ വധ ശിക്ഷ നീണ്ട് പോകുന്നതില്‍ വിമര്‍ശനം നേരിടുകയാണ് കേന്ദ്രം. ദയാഹര്‍ജി തള്ളണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും ബി.ജെ.പി. ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. വൈകിയാണെങ്കിലും ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി. നേതാവ് ബല്‍ബീര്‍ പുഞ്ച് പറഞ്ഞു.

2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി 2004ലാണ് അഫ്‌സല്‍ഗുരുവിന് വധശിക്ഷ വിധിച്ചത്. 2006 ഒക്ടോബര്‍ 20നകം നടപ്പാക്കേണ്ട വധശിക്ഷ ഗുരുവിന്റെ ഭാര്യ നല്‍കിയ ദയാഹര്‍ജിയെത്തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരുന്നു.