എഡിറ്റര്‍
എഡിറ്റര്‍
സഹകരണമേഖലയിലെ സര്‍ക്കാറിന്റെ അധികാരങ്ങള്‍ക്ക് നിയന്ത്രണം വരുന്നു
എഡിറ്റര്‍
Sunday 11th November 2012 6:40am

തിരുവനന്തപുരം: സഹകരണമേഖലയില്‍ സര്‍ക്കാറിനുള്ള അധികാരങ്ങള്‍ക്ക് കാര്യമായ നിയന്ത്രണം വരുന്നു. സഹകരണസംഘങ്ങളുടെ ഭരണസമിതികളെ പിരിച്ചുവിടാനും നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിശ്ചയിക്കാനുമുള്ള അവകാശം സര്‍ക്കാറില്‍ നിന്ന് എടുത്തുമാറ്റുന്ന സഹകരണ നിയമഭേദഗതി വരുന്നതോടെയാണിത്.

ഭരണഘടനയുടെ 97 ാം ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് കേരള സഹകരണസംഘം നിയമങ്ങളില്‍ അടിമുടി മാറ്റംവരുത്തുന്നത്. നവംബര്‍ 13 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന സഹകരണ കോണ്‍ഗ്രസ്സില്‍ ഇത് ചര്‍ച്ച ചെയ്യും. അതിനുശേഷം സഹകരണ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.

Ads By Google

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശനിരക്ക് നിശ്ചയിക്കുന്നതിനുള്ള അധികാരം ഇപ്പോള്‍ സഹകരണ രജിസ്ട്രാര്‍ക്കാണ്. നിയമം ഭേദഗതി ചെയ്യുന്നതോടെ ഈ അധികാരം അതത് സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതികള്‍ക്കായിരിക്കും. സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും സാമ്പത്തികസാമൂഹിക ഉന്നമനത്തിനായി ആവശ്യമായ ഉത്തരവുകളും നിര്‍ദേശങ്ങളും നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാറിനും സഹകരണ രജിസ്ട്രാര്‍ക്കും ഇപ്പോള്‍ അധികാരമുണ്ട്.

നിയമഭേദഗതി നിലവില്‍ വരുന്നതോടെ ഇതും ഇല്ലാതാകും. പകരം, അതത് സഹകരണ സ്ഥാപനങ്ങളുടെ പൊതുയോഗങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കും. സഹകരണ സംഘങ്ങളുടെ ഭരണസമിതികളെ പിരിച്ചുവിടുന്നതിന് നിലവില്‍ സഹകരണ രജിസ്ട്രാര്‍ക്കുള്ള അധികാരങ്ങളും ഇല്ലാതാകും.

സര്‍ക്കാറിന് ഓഹരിമൂലധന പങ്കാളിത്തമുള്ള സഹകരണ സംഘങ്ങളെ പിരിച്ചുവിടാനാകും. അതല്ലെങ്കില്‍ ഇവ സര്‍ക്കാറില്‍നിന്ന് ധനസഹായം സ്വീകരിക്കുകയോ വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി സ്വീകരിക്കുകയോ ചെയ്ത സഹകരണ സംഘങ്ങളായിരിക്കണം. ഇത്തരം സമിതികളെ മാത്രമേ സഹകരണ രജിസ്ട്രാര്‍ക്ക് പിരിച്ചുവിടാനാകൂ. അങ്ങനെ പിരിച്ചുവിടുന്ന സഹകരണസംഘങ്ങളില്‍ ആറ് മാസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണം.

സഹകരണ സ്ഥാപനങ്ങളിലെ എല്ലാ തിരഞ്ഞെടുപ്പുകളും നടത്തുന്നതിനുള്ള അധികാരം സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാക്കും. സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ചുമതല സഹകരണവകുപ്പില്‍ നിന്നും മാറ്റി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ഏല്പിക്കണമെന്നും ഭേദഗതിനിയമം നിര്‍ദേശിക്കും.

Advertisement